മണ്ണാർക്കാട്: ഉരുകുന്ന വേനൽചൂടിൽ ആശ്വാസമായി ലഭിച്ച വേനൽമഴയിൽ ജലസ്രോതസുകൾക്ക് പുനർജനി. വറ്റിവരളുന്ന കുന്തിപ്പുഴയിൽ നീരൊഴുക്കു കൂടിയത് കുടിവെള്ള പദ്ധതികൾക്കും പ്രദേശത്തെ കുടുംബങ്ങൾക്കും അനുഗ്രഹമായി . തടയണകളിൽ ജലസമൃദ്ധിയാണിപ്പോൾ.
നിരവധി പഞ്ചായത്തുകളെയും താലൂക്കുകളേയും അതിരിട്ടൊഴുകി ഭാരതപ്പുഴയിലെത്തുന്ന കുന്തിപ്പുഴ വേനലിന്റെ തുടക്കത്തിലേ വരൾച്ചയുടെ പിടിയിലമർന്നിരുന്നു. കഴിഞ്ഞ രണ്ടുദിവസമായി താലൂക്കിൽ ലഭിച്ച ശക്തമായ മഴയിലാണ് ഇപ്പോൾ നീരൊഴുക്കു വർധിച്ചിട്ടുള്ളത്. മണ്ണാർക്കാട് പോത്തോഴിക്കാവ് ഭാഗത്തെ തടയണ നിറഞ്ഞൊഴുകി. ശനിയാഴ്ച വൈകുന്നേരവും രാത്രിയും കനത്തമഴയാണ് ലഭിച്ചത്.
വറ്റിവരണ്ട തോടുകളിൽപോലും നീരൊഴുക്കും ഉറവകളും രൂപപ്പെട്ടു. സൈലന്റ് വാലി മലനിരകളിൽനിന്നാണ് കുന്തിപ്പുഴയുടെ ഉത്ഭവം.കുന്തിപ്പുഴയിലെ പാത്രക്കടവ് മുതൽ തൂതപ്പുഴവരെയുള്ള കടവുകളിൽ ആയിരക്കണക്കിന് ആളുകളാണ് ദിനംപ്രതി കുളിക്കാനും വസ്ത്രശുചീകരണത്തിനുമായി എത്തുന്നത്.
മണ്ണാർക്കാട്, കുമരംപുത്തൂർ മുതലായ പ്രധാന കുടിവെള്ള പദ്ധതികളും കുന്തിപ്പുഴയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. പ്രളയം പ്രധാന കുടിവെള്ളപദ്ധതികൾ തകർത്തെറിഞ്ഞത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു.മാസങ്ങൾക്കുശേഷമാണ് അടുത്തിടെ കുടിവെള്ള പദ്ധതികൾ പുനസ്ഥാപിച്ചതുതന്നെ. അതുവരേയും കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനും കുളിക്കാനും മറ്റുമായി കുന്തിപ്പുഴയെയാണ് ഏവരും ആശ്രയിച്ചത്.
പുഴയിൽ വെള്ളംകെട്ടികിടന്ന് മലിനമാകുന്ന സാഹചര്യംവരെ രൂപപ്പെട്ടിരുന്നു. തടയണ നിറഞ്ഞ് ജലം താഴേക്ക് ഒഴുകിതുടങ്ങിയതോടെ പുഴയുടെ തനതായ ശുദ്ധീകരണവും നടന്നു. നിരവധി ആളുകളാണ് ദൂരസ്ഥലങ്ങളിൽനിന്നുപോലും നിത്യേന പുഴയിലേക്കെത്തികൊണ്ടിരിക്കുന്നത്.