എടത്വ/ മങ്കൊന്പ് : മഴയിലും ശക്തിയായ കാറ്റിലും എടത്വ, തകഴി, തലവടി പഞ്ചായത്തുകളിൽ വ്യാപകനാശമാണുണ്ടായത്. മരം കടപുഴകിവീണും മേൽക്കൂര പറന്നുപോയും നിരവധി വീടുകൾ തകർന്നു. വീടിനു മുന്പിൽ പാർക്കുചെയ്ത ഓട്ടോ മരം വീണു തകർന്നു. നെൽകൃഷിയും കരകൃഷിയും വ്യാപകമായി നശിച്ചു.
ബുധനാഴ്ച വൈകുന്നേരത്തോടെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് വ്യാപകനാശം നേരിട്ടത്. എടത്വ-മാന്പുഴക്കരി റോഡിൽ പത്തിൽ പാലത്തിന് സമീപം പത്തിൽ സിബിച്ചന്റെ വീട് ഭാഗീകമായി തകർന്നു. പറന്പിൽ നിന്നിരുന്ന മാവ് വീടിനു മുകളിലേക്ക് വീഴുകയായിരുന്നു.
തകഴി പഞ്ചായത്ത് ഒന്പതാം വാർഡിൽ ചെക്കിടിക്കാട് മാലിയിൽചിറ ചെല്ലമ്മയുടെ ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര പറന്നുപോയി. ചെക്കിടിക്കാട്-പോച്ച റോഡിലും സമീപത്തെ തോട്ടിലുമായാണ് മേൽക്കൂര പതിച്ചത്.
വീടിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. എട്ടാം വാർഡ് ചെക്കിടിക്കാട് ഇരുനൂറ്റി പുതുവൽ മഹേന്ദ്രന്റെ വീടിന് മുകളിൽ മരം മറിഞ്ഞു വീണ് ഭാഗികമായി തകർന്നു. മഹേന്ദ്രന്റെ വീട്ടിൽ കുട്ടികളടക്കം വയോധക മാതാപിതാക്കൾ ഉണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്ക് എല്ലാവരും രക്ഷപ്പെട്ടു.
തലവടി കാരിക്കുഴി ദേവസ്വംചിറ പ്രസാദിന്റെ ഓട്ടോയ്ക്ക് മേൽ ആഞ്ഞിലിമരം കടപുഴകിവീണു. ലോക്ക് ഡൗണ് കാരണം വീടിന്റെ മുന്പിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയിലാണ് സമീപവാസിയുടെ ആഞ്ഞിലിമരം വീണത്. ഓട്ടോയുടെ ബോഡി പൂർണമായി തകർന്ന നിലയിലാണ്.
എടത്വ, തകഴി, തലവടി, വീയപുരം പഞ്ചായത്തിലെ ഒട്ടുമിക്ക വാഴകൃഷിയും നിലംപറ്റി. വിളവെടുപ്പിനു കാത്തിരുന്ന ഏത്തവാഴ കൃഷിയാണ് നശിച്ചതിൽ അധികവും. കൊയ്ത്ത് നടക്കാനിരിക്കുന്ന പാടശേഖരങ്ങളും ശക്തമായ കാറ്റിൽ നിലംപറ്റി. മഴവെള്ളത്തിൽ നെൽചെടികൾ മുങ്ങിയ നിലയിലാണ്.
വൈദ്യുത പോസ്റ്റുകളും മരം കടപഴകിവീണ് തകർന്നു. ലോക്ക് ഡൗണ് പശ്ചാത്തലത്തിൽ ജീവനക്കാർ കുറവാണെങ്കിലും രാത്രി 12 ഓടെ ചില ഭാഗങ്ങളിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. വീട് തകർന്ന സ്ഥലങ്ങളിലും കൃഷിനാശം സംഭവിച്ച പ്രദേശങ്ങളിലും റവന്യു അധികൃതർ എത്താതിരുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
മങ്കൊമ്പിൽ നിരവധി വീടുകളും കൃഷിയും കാറ്റിൽ നശിച്ചു. ശക്തമായ കാറ്റിലും മഴയിലും കുട്ടനാട്ടിലെ 12 വില്ലേജ് ഓഫീസുകളുടെ പരിധിയിലായി 40 വീടുകൾക്കാണ് നാശം സംഭവിച്ചത്. കാറ്റിൽ 39 വീടുകൾക്കാണ് ഭാഗികമായി നഷ്ടം സംഭവിച്ചത്.
ചമ്പക്കുളം-നാല്, കൈനകരി-ഒന്ന്, കൈനകരി വടക്ക-രണ്ട്, കാവാലം-എട്ട്, കുന്നുമ്മ-നാല്, മുട്ടാർ-ഒന്ന്, നെടുമുടി-ഒന്ന്, പുളിങ്കുന്ന്-എട്ട്, രാമങ്കരി-ഒന്ന്, തകഴി-രണ്ട്, തലവടി-രണ്ട്, വെളിയനാട്-ആറ് വീതം വീടുകൾക്കാണ് നാശം സംഭവിച്ചത്. കാറ്റിൽ മരങ്ങൾ കടപുഴകി വീണും മേൽക്കൂരയുടെ ഓടും, ഷീറ്റും പറന്നുപോയുമാണ് നാശം സംഭവിച്ചത്.
മരം വീണ് ഗതാഗതം തടസപ്പെടുകയും നിരവധിയിടങ്ങളിൽ വൈദ്യുതി മുടങ്ങുകയും ചെയ്തു. വൈദ്യുതി ലൈനിലേക്ക് മരം കടപുഴകിവീണ് പോസ്റ്റുകൾ തകർന്നും കമ്പികൾ പൊട്ടിയുമാണ് ഇന്നലെ വൈകുന്നേരം വരെ പലയിടത്തും വൈദ്യുതി വിതരണം തടസപ്പെട്ടത്.
മഴയും കാറ്റും കാർഷികമേഖലയ്ക്കും വൻ തിരിച്ചടിയായി. ഇനിയും പുഞ്ചകൃഷി വിളവെടുപ്പ് അവശേഷിക്കുന്ന കാവാലം കൃഷിഭവൻ പരിധിയിൽ വരുന്ന രാമരാജപുരം, മംഗലം മാണിക്യമംഗലം എന്നീ കായലുകളിൽ വിളവെടുപ്പ് ആരംഭഘട്ടത്തിലാണ്.
ആയിരത്തിൽപരം ഏക്കർ വരുന്ന രണ്ടു കായലുകളിലും മഴയെത്തുടർന്ന് വിളവെടുപ്പ് കൂടുതൽ പ്രയാസകരമായിരിക്കുകയാണ്. കടുത്ത ചൂടിൽ വറ്റിവരണ്ടു കിടന്ന പാടത്ത് മഴയെത്തുടർന്ന് വെള്ളം കെട്ടിക്കിടക്കുകയാണ്. പാടത്ത് ചെളി നിറഞ്ഞത് കൊയ്ത്തുയന്ത്രമിറങ്ങുന്നതിനു തടസമാകുന്നുണ്ട്.
വരും ദിവസങ്ങളിലും മഴ തുടർന്നാൽ കൂടുതൽ നെൽച്ചെടികൾ വീഴുകയും വെള്ളക്കെട്ട് രൂക്ഷമാകുകയും ചെയ്യും. ഇങ്ങനെ വന്നാൽ വിളവെടുപ്പ് പ്രതീക്ഷിച്ചതിലും വൈകാനാണ് സാധ്യത. കടുത്ത വരൾച്ചയെത്തുടർന്ന് തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉയർത്തേണ്ട സമയം വൈകിയിരിക്കുകയാണ്.
ഷട്ടറുകൾ ഉയർത്തിയാൽ കുട്ടനാട്ടിൽ ജലനിരപ്പുയരുന്നതോ ടെ കായലുകളിൽ മടവീഴ്ചയ്ക്കുള്ള സാധ്യത ഏറെയാണെന്ന് കർഷകർ ആശങ്കപ്പെടുന്നു. മടവീഴ്ചയെത്തുടർന്ന് ലക്ഷങ്ങൾ മുടക്കി സ്വന്തം നിലയിൽ മടകുത്തി വീണ്ടും കൃഷിയിറക്കിയതിനാലാണ് ഇരു കായലുകളിലും ഇത്തവണ കൃഷി വൈകിയത്.