ചങ്ങനാശേരി: കനത്ത മഴയെത്തുടർന്ന് കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും നെൽക്കൃഷിക്ക് നാശം നേരിട്ട കർഷകരെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.എഫ്.തോമസ് എംഎൽഎയും മോൻസ് ജോസഫ് എംഎൽഎയും ചേർന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിനെ നേരിൽകണ്ട് നിവേദനം നൽകി.
കൊയ്യാറായ നെല്ല് പൂർണമായും നിലത്തുവീണ് നശിക്കുകയാണെന്നും കൊയ്ത്തു യന്ത്രം ഇറക്കി കൊയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ അവസ്ഥയിൽ മന്ത്രി കുട്ടനാടും അപ്പർ കുട്ടനാടും സന്ദർശിച്ച് കർഷകരെ സഹായിക്കാൻ നടപടി സ്വീകരിക്കണമെന്നും എംഎൽഎമാർ ആവശ്യപ്പെട്ടു. കൃഷിനാശം നേരിട്ട മേഖലകളിൽ സന്ദർശനം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും സി.എഫ്.തോമസ് പറഞ്ഞു.
നിലവിലുള്ള ഇൻഷ്വറൻസ് വ്യവസ്ഥകൾ പ്രകാരം നെല്ലു നശിച്ച പാടങ്ങളിലെ കർഷകർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിക്കില്ല. പുതുതായി കൃഷി ഇറക്കാൻ ഒരുക്കിയ പാടശേഖരങ്ങൾ മടവീണ് നാശം നേരിടുകയാണ്. സാന്പത്തിക ദുരിതത്തിലായ കർഷകർ വീണ്ടും നിലമൊരുക്കുവാൻ ബുദ്ധിമുട്ടുന്ന ഗൗരവമായ സാഹചര്യമാണുള്ളതെന്നും ഇവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.