ആലപ്പുഴ: പാടം മുറിഞ്ഞതു കൊണ്ടാ സാറേ…. അല്ലെങ്കിൽ ഞങ്ങൾ എങ്ങനേലും പിടിച്ചു നിന്നേനെ…. കുട്ടനാട്ടിലെ കനകാശേരി പാടശേഖരത്തിനു സമീപത്തു നിന്നുള്ള അന്തേവാസികളിലൊരാൾ ഇതു പറഞ്ഞത് കണ്ഠമിടറിക്കൊണ്ടാണ്. കറന്റുമില്ലാതായിപ്പോയി… പിന്നെങ്ങനെയാ………?
മടവീഴ്ച മൂലം കുട്ടനാട്ടിലെ കൈനകരിയിൽ നിന്നും ആലപ്പുഴ നഗരത്തിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന അന്തേവാസികൾ മന്ത്രി ജി. സുധാകരന്റെ മുന്പിൽ സങ്കടക്കെട്ടഴിച്ചു. ഭൂരിഭാഗം പേർക്കും പറയാനുണ്ടായിരുന്നത് പാടശേഖരങ്ങളുടെ പുറംബണ്ട് ബലപ്പെടുത്താത്തതു മൂലമുള്ള മടവീഴ്ചയെക്കുറിച്ചായിരുന്നു.
പുറംബണ്ടിലെ താമസക്കാർ തങ്ങളാലാവുംവിധം പരിസരത്തെ ബണ്ടു സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത്ര ഫലപ്രദമല്ല. മടപൊട്ടി കുത്തിയൊലിച്ചു വരുന്ന വെള്ളപ്പാച്ചിലിൽ കുട്ടനാട്ടുകാർ അടുക്കുന്ന മണൽചാക്കുകൾ വിഫലമാണ്. മടവീണ് വീടുകൾ വെള്ളത്തിലായ 70 ഓളം കുടുംബങ്ങളാണ് രണ്ടു ദിവസങ്ങളിലായി നഗരത്തിലെ ക്യാന്പുകളിൽ അഭയം തേടിയത്.
ശേഷിക്കുന്ന നിരവധി കുടുംബങ്ങൾ മടവീഴ്ചയുടെ ഭീഷണിയിലാണ്. കൃഷിയും ഒപ്പം ജനങ്ങളും സംരക്ഷിക്കപ്പെടാൻ പുറം ബണ്ടിന്റെ നിർമാണം കാര്യക്ഷമമാക്കേണ്ടതുണ്ട്. എന്നാൽ സർക്കാരിൽ നിന്നും സഹായം കൈപ്പറ്റിയ ശേഷം പാടശേഖരസമിതികൾ ബണ്ടു നിർമാണത്തിൽ അലംഭാവം കാട്ടുന്നതായി പരാതിയുണ്ട്.
കൃഷിയുണ്ടെങ്കിലും ഇല്ലെങ്കിലും മഴക്കാലത്ത് പാടത്തെ വെള്ളം വറ്റിച്ച് പുറംബണ്ടിലെ വീടുകളെ സംരക്ഷിക്കണമെന്നതാണ് കുട്ടനാട്ടുകാരുടെ ആവശ്യം. രണ്ടാംകൃഷി നടത്താതെയും യഥാസമയം വെള്ളം വറ്റിക്കാതെയും ജനങ്ങളെ വെള്ളപ്പൊക്കത്തിലേക്ക് തള്ളിവിടുന്ന പാടശേഖര സമിതികളുടെ നടപടി അനുവദിക്കില്ലെന്ന് മന്ത്രി ക്യാന്പ് അംഗങ്ങൾക്ക് ഉറപ്പു നൽകി.
ജനവാസകേന്ദ്രങ്ങളിലെ പുറംബണ്ടുകൾക്ക് കൂടുതൽ പരിഗണന നൽകുക എന്നതാണ് അഭിലഷണീയം. പക്ഷേ കുട്ടനാട് പാക്കേജിന്റെ പ്രവർത്തനങ്ങളിൽപോലും ഇക്കാര്യം പരിഗണിക്കപ്പെട്ടില്ല. ക്യാന്പിലെ ഒരു മുറിയിൽ അടച്ചുറപ്പില്ലാത്ത ജനലുകളിലൂടെ വെള്ളം അടിച്ചുകയറുന്നത് ഒരു കുടുംബം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഷീറ്റു വച്ച് മറയ്ക്കാമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും ആവശ്യമെങ്കിൽ മുറി മാറ്റി നൽകാനായിരുന്നു മന്ത്രിയുടെ നിർദേശം.
കിടക്കാനുള്ള പായയുടെ ദൗർലഭ്യമാണ് ക്യാന്പിലെ കുടുംബങ്ങൾക്ക് പറയാനുണ്ടായിരുന്ന പ്രധാന പരാതി. പനി മുതൽ കാൻസർ പോലുള്ള മാരക രോഗങ്ങൾ ഉള്ളവർ വരെ കിടക്കാൻ പായില്ലാതെ വിഷമിക്കുന്നു. നാലു കുടുംബങ്ങൾക്ക് കിടക്കാൻ നൽകിയത് മൂന്നു പായകൾ. ഒരു മുറിക്ക് മൂന്നു പായ വീതമാണ് നൽകുന്നതെന്ന ഉദ്യോഗസ്ഥരുടെ വിശദീകരണത്തിനു മന്ത്രിയുടെ മറുചോദ്യം..
കൂടുതൽ അംഗങ്ങൾ ഉണ്ടെങ്കിൽ എന്തു ചെയ്യും…? പായുടെ ദൗർലഭ്യം ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയെങ്കിലും ക്യാന്പ് പ്രവർത്തനത്തിനു പണം ഒരു പ്രശ്നമല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്നലെ രാവിലെ 11 ഓടെ എത്തിയ മന്ത്രി എസ്ഡിവി ബോയ്സ്, എസ്ഡിവി ജെബി സ്കൂളുകളിൽ പ്രവർത്തിക്കുന്ന ക്യാന്പുകൾ സന്ദർശിച്ച് ക്യാന്പിൽ താമസിക്കുന്ന കുടുംബങ്ങളോട് വിവരങ്ങൾ ആരാഞ്ഞ ശേഷം മടങ്ങി.