ചവറ: പരിസ്ഥിതി സംരക്ഷണത്തിനായി തീർക്കുന്ന ജലസംഭരണി നിർമാണത്തിൽ തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം കൈകോർത്ത് എൻഎസ്എസ് വിദ്യാർഥികളും രംഗത്ത്. പന്മന ഗ്രാമപഞ്ചായത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മനയിൽ വാർഡിൽ നിർമിക്കുന്ന ജലസംഭരണി നിർമാണത്തിന് കൈസഹായവുമായിട്ടാണ് പന്മനമനയിൽ എസ്ബിവിഎസ് ജിഎച്ച്എസ്എസിലെ നാഷണൽ സർവീസ് സ്കീമിലെ വിദ്യാർഥികൾ എത്തിയത്.
പ്രോഗ്രാം ഓഫീസർമാരായ മഹേഷ്, ജോസ് എന്നിവരുടെ നേതൃത്വത്തിൽ 30 കുട്ടികളാണ് പോണ്ട് നിർമാണത്തിന് സഹായവുമായി എത്തിയത്. പന്മന ഗ്രാമപഞ്ചായത്ത് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിക്കുന്ന ജലസംഭരണി ഫാം പോണ്ടിന്റെ നീളം 11 മീറ്ററും വീതി ഏഴ് മീറ്ററും ആഴം ആറ് മീറ്ററുമാണ്.
കൃഷി ആവശ്യങ്ങൾക്കും മത്സ്യ കൃഷി നടത്തുന്നതിലേക്കുമാണ് കുളം കുഴിക്കുന്നത്. തൊഴിലാളികൾക്ക് ഏറെ ശാരീരിക അധ്വാനമുള്ള പ്രവർത്തി ഏറെ ആവേശപൂർവമാണ് വിദ്യാർഥികൾ ഏറ്റെടുത്തത്. 12 തൊഴിൽ ദിനങ്ങളുള്ള കുളം കുഴി നിർമ്മാണത്തിൽ 40 തൊഴിലുറപ്പ് തൊഴിലാളികളാണ് തൊഴിൽ ചെയ്യുന്നത്.
ഗ്രാമപഞ്ചായത്ത് അംഗം അഹമ്മദ് മൻസൂർ ,അക്രഡിറ്റ് എൻജിനീയർ മുംതാസ്, അമ്പിളി എന്നിവരാണ് പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. പിറ്റിഎ പ്രസിഡന്റ് നിസാറുദ്ദീൻ, എസ്എംസി അംഗം ആനന്ദ് കുമാർ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.