പന്തളം: പോരിനുറച്ചത് പോലെയാണ് പെരുമഴ. നനഞ്ഞ് കുതിർന്ന ഇടവവും മിഥുനവും പിന്നിട്ടതോടെ ഇനി കർക്കിടകത്തിന്റെ പെയ്ത്ത്. വല്ലാതെ ബുദ്ധിമുട്ടിച്ചു തന്നെയാണ് കർക്കിടകവും പെയ്തിറങ്ങുന്നത്. ഉരുൾപൊട്ടലും മറ്റും വടക്കൻ മേഖലയെ കണ്ണീരണിയിച്ചെങ്കിൽ മധ്യകേരളത്തിലിപ്പോൾ വെള്ളപ്പൊക്കമാണ്. നിരവധി വീടുകളിൽ നിന്ന് ആളുകൾക്ക് ഒഴിഞ്ഞു പോകേണ്ടി വന്നു.
പൂർണമായും ഭാഗികമായുമൊക്കെ വീടുകൾ തകർന്നവർ നൂറുകണക്കിനാണ്. ശക്തമായ കാറ്റിൽ പെരുമരങ്ങൾ വരെ കടപുഴകിയുള്ള ബുദ്ധിമുട്ടുകൾ വേറെയും. കേരളമിങ്ങനെ നനഞ്ഞു കുതിർന്നു തുടങ്ങിയത് മേയ് അവസാനത്തോടെയാണ്. കൃത്യമായി പറഞ്ഞാൽ മേയ് 23(ഇടവം ഒന്പത്) മുതൽ.
സ്കൂൾ തുറക്കലിലും മഴ പതിവ് തെറ്റിച്ചില്ല. പക്ഷെ, തോരാമഴയുടെ പ്രതീതി സൃഷ്ടിച്ചതുമില്ല. മിഥുനമെത്തിയപ്പോഴാണ് മഴ വടക്കൻ മേഖലയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടത്. കോഴിക്കോട്, വയനാട്, പാലക്കാട് മേഖലകളിൽ മഴ ആർത്തിരന്പി. ഉരുൾപൊട്ടൽ ദുരന്തം വിതച്ചത് നൂറുകണക്കിന് കുടുംബങ്ങളെയാണ്.
ജൂലൈ ആദ്യത്തോടെ, വടക്ക് മഴയൊന്ന് ശമിച്ചതോടെ മധ്യകേരളം വെള്ളത്തിലായി. കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഏറെക്കുറെ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയാണ് പെരുമഴയിൽ നശിച്ചത്. ഏതാണ്ട് ഒരു മാസത്തിനപ്പുറം ചിങ്ങം പിറക്കും. പിന്നെ ഓണമാണ്. മഴ ഇങ്ങനെ പെയ്ത് തിമിർത്താൽ, ഓണം ഏങ്ങനെ ആഘോഷിക്കുമെന്ന ആശങ്കയിലാണ് എല്ലാവരും.
പ്രയാറ്റുകടവ് പാലത്തിൽ ഇടിച്ച മുളങ്കൂട്ടം നീക്കിയില്ല, പാലത്തിനു ബലക്ഷയമെന്ന് ആശങ്ക
ഇരവിപേരൂർ: ഇരവിപേരൂർ – കല്ലൂപ്പാറ റൂട്ടിൽ മണിമലയാറിനു കുറുകെയുള്ള പ്രയാറ്റുകടവ് പാലത്തിൽ ഇടിച്ച മുളങ്കൂട്ടം നീക്കിയില്ല. മണിമലയാറിന്റെ തീരത്തുനിന്ന് പിഴുതിറങ്ങിയ മുളങ്കൂട്ടമാണ് കഴിഞ്ഞദിവസം പാലത്തിൽ ഇടിച്ചു നിന്നത്. ഇവ പാലത്തിന്റെ തൂണുകളിൽ തട്ടി നിൽക്കുന്നതു കാരണം ജലമൊഴുക്ക് തടസപ്പെട്ടിട്ടുണ്ട്. സമീപപ്രദേശങ്ങളിലേക്കു വെള്ളം കയറാനും ഇടയാക്കി.
പാലത്തിനു താഴെ ജലമൊഴുക്ക് തടസപ്പെട്ടുണ്ടായ സമ്മർദം ബലക്ഷയത്തിനു കാരണമാകുമോയെന്നതാണ് ആശങ്ക. വീതികുറഞ്ഞ പാലം ബീമില്ലാതെയാണ് നിർമിച്ചിരിക്കുന്നത്. ചെറിയ വാഹനങ്ങൾ മാത്രമേ ഇതുവഴി കടത്തിവിടാറുള്ളൂ. കല്ലൂപ്പാറയിൽ നിന്ന് ഇരവിപേരൂരിലേക്കുള്ള എളുപ്പമാർഗമായാണ് പാലം ഉപയോഗിക്കുന്നത്.