കോട്ടയം: ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ള സാഹചര്യത്തിൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടയം കളക്്ട്രേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ തുറന്നു.
താലൂക്ക് കണ്ട്രോൾ റൂമുകളിൽനിന്നും വിവരങ്ങൾ തത്സമയം ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് നൽകും. ഇന്നലെ പകൽ മുഴുവൻ ജില്ലയിൽ സാമാന്യം നല്ല രീതിയിൽ മഴ പെയ്തു. രാത്രിയിലും മഴയുണ്ടായിരുന്നു.
ഇന്നു രാവിലെ മുതൽ പലയിടത്തും ശക്തമായ മഴയാണ് പെയ്യുന്നത്. ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിരിക്കുന്നത്. മഴ ശക്തമായതോടെ മീനച്ചിൽ, മണിമല, മൂവാറ്റുപുഴയാറുകളിലെ ജലനിരപ്പ് ഉയർന്നു തുടങ്ങി.
മലയോരമേഖലയിൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. കൂടുതൽ മഴ ലഭിച്ചത് വൈക്കത്താണ് 104.4 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. പൂഞ്ഞാർ 70.5, കോട്ടയം 58.6, കുമരകം 56.8, കോഴ 37.2, കാഞ്ഞിരപ്പള്ളി 33.2 മില്ലീമീറ്റർ എന്നിങ്ങനെയാണ് ഇന്നലെ ലഭിച്ച മഴയുടെ കണക്ക്.
കണ്ട്രോൾ റൂം നന്പരുകൾ
ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ കളക്്ടറേറ്റ്-
0481 2565400, 0481 2566300, 9446562236
താലൂക്ക് കണ്ട്രോൾ റൂമുകൾ-
മീനച്ചിൽ-04822 212325, ചങ്ങനാശേരി-0481 2420037,കോട്ടയം- 0481 2568007, കാഞ്ഞിരപ്പള്ളി-04828 312023, വൈക്കം-04829 231331