കണ്ണൂർ: കടകൾ ശുചീകരിക്കുന്ന മാലിന്യം എങ്ങോട്ട് കൊണ്ടുപോകുമെന്നറിയാതെ ശ്രീകണ്ഠപുരത്തെ വ്യാപാരികൾ. നഗരസഭ കാണിച്ചു തന്ന സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കാൻ എത്തുന്പോൾ പ്രദേശവാസികൾ തടയുന്നതായി വ്യാപാരികൾ. അടിയന്തരമായി നഗരസഭ ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപസമിതി പ്രസിഡന്റ് ദേവസ്യ മേച്ചേരി പറഞ്ഞു. ശ്രീകണ്ഠപുരത്ത് കടകൾ ശുചീകരിക്കുന്നതിനുള്ള അടിയന്തര നടപടികൾ തുടങ്ങിക്കഴിഞ്ഞു. മാലിന്യം എവിടെ നിക്ഷേപിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
ആയിരത്തോളം കടകളിൽ വെള്ളം കയറി;150 കോടിയോളം നഷ്ടം
കണ്ണൂർ ജില്ലയിൽ ആയിരത്തോളം കടകളിൽ വെള്ളം കയറിയതായാണ് ഇതുവരെയുള്ള കണക്കുകൾ എന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ലാകമ്മിറ്റിയുടെ പ്രാഥമിക വിലയിരുത്തൽ. 100 മുതൽ 150 കോടി രൂപയുടെ വരെ നഷ്ടം കണക്കാക്കുന്നു. നഷ്ടപരിഹാര തുക ഉൾപ്പെടെ വിലയിരുത്താൻ വ്യാപാരി വ്യവസായി ഏകോപനസമിതി കണ്ണൂർ ജില്ലാകമ്മിറ്റി അടിയന്തര യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കണ്ണൂർ വ്യാപാര ഭവനിൽ ചേരുന്നുണ്ട്.
“കടകളിൽ വെള്ളം കയറി സർവതും നഷ്ടപ്പെട്ടവർക്ക് പ്രത്യേക പാക്കേജ് വേണം’
കടകളിൽ വെള്ളം കയറി സർവതും നഷ്ടപ്പെട്ടവർക്ക് സർക്കാരിന്റെ പ്രത്യേക പാക്കേജ് വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ശ്രീകണ്ഠപുരത്താണ് വ്യാപകമായ നഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ശ്രീകണ്ഠപുരത്ത് 350 ഓളം കടകളും ചെങ്ങളായിയിൽ 150 ഓളം കടകളും ഇരിക്കൂറിൽ നൂറോളം കടകളുമാണ് വെള്ളം കയറി വ്യാപക നാശനഷ്ടം ഉണ്ടായിട്ടുള്ളത്. കൂടാതെ ഇരിട്ടി, വള്ളിത്തോട്, മാടത്തിൽ എന്നിവിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ട്.
കണിച്ചാറിൽ ചുഴലിക്കാറ്റിൽ വ്യാപാരികൾക്ക് നാശനഷ്ടം ഉണ്ടായി. ഇവർക്ക് അടിയന്തരമായും സഹായം എത്തിക്കാനുള്ള നടപടി തുടങ്ങണം. കഴിഞ്ഞ പ്രളയകാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കോടിക്കണക്കിനു രൂപ നൽകിയതാണ് വ്യാപാരികൾ.
അതിനാൽ വ്യാപാരികളെ സഹായിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് പ്രത്യേക പാക്കേജ് ഉണ്ടാക്കണം. വെള്ളം കയറി അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ കച്ചവടം ചെയ്യാൻ സാധിക്കില്ല. അതിനാൽ ബലപരിശോധന ഉൾപ്പെടെ നടത്തണമെന്നും വ്യാപാരി വ്യവസായി ഏകോപസമിതി പ്രസിഡന്റ് ദേവസ്യ മേച്ചേരി പറഞ്ഞു.
“കർഷകരെ പരിഗണിക്കുന്നതു പോലെ വ്യാപാരികളെയും പരിഗണിക്കണം’
പ്രളയ ദുരന്തത്തിൽ കർഷകർക്ക് നഷ്ടപരിഹാരം കിട്ടുന്നതുപോലെ വ്യാപാരികളെയും നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ പരിഹരിക്കണമെന്ന് വ്യാപാര വ്യവസായ സമിതി ജില്ലാ സെക്രട്ടറി വി. ഗോപിനാഥൻ പറഞ്ഞു. നിലവിൽ വെള്ളം കയറി കടയിലെ സാധനങ്ങൾ നശിച്ചാൽ നഷ്ടപരിഹാരം നല്കാനുള്ള നിയമം സർക്കാരിന്റെ ഭാഗത്ത് ഇല്ല. അതിനാൽ, ഇത്തരം കാര്യങ്ങളിൽ നിയമനിർമാണം ആവശ്യമാണ്. ഇതിനായി സർക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര നടപടിയുണ്ടാകാൻ നിവേദനം നല്കുമെന്നും വി. ഗോപിനാഥൻ പറഞ്ഞു.