മംഗലംഡാം: കാട്ടുചോലയിൽ വെള്ളം പൊങ്ങിയതോടെ കൈകുഞ്ഞുമായുള്ള ആദിവാസി കുടുംബം അർധരാത്രി വനത്തിൽ കുടുങ്ങി. കടപ്പാറ തളികകല്ല് ആദിവാസി കോളനിയിലെ വിജയനും കുടുംബവുമാണ് കഴിഞ്ഞരാത്രി പോത്തം തോട്ടിൽ കുടുങ്ങിയത്.
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ചോലയിലെ വെള്ളം താഴ്ന്നപ്പോൾ ഇവർ ചോലയ്ക്ക് കുറുകെയുള്ള തടിയിലൂടെ കൈകോർത്ത് നടന്നാണ് മറുകരയ്ക്ക് കടന്ന് പുലർച്ചെയോടെ വീട്ടിലെത്തിയത്. മകൾ വിചിത്രയേയും കൂട്ടി തൃശൂർ വെള്ളിക്കുളങ്ങരയ്ക്കടുത്തെ കോളനിയിൽ നിന്നും തിരിച്ചുവരുന്പോഴാണ് കനത്ത മലവെള്ളപാച്ചിലുണ്ടായത്.
വിചിത്രയുടെ ഒരുമാസം പ്രായമുള്ള കുട്ടിയും മൂന്ന് വയസുള്ള മൂത്തകുട്ടിയും വിജയന്റെ ഭാര്യാ സഹോദരൻ സതീശനുമാണ് ഉണ്ടായിരുന്നത്. കോളനിയിലേക്ക് മംഗലം ഡാമിൽ നിന്നും ജീപ്പു വിളിച്ചാണ് ഇവർ പോയത്. എന്നാൽ കോളനി വഴിക്കു കുറുകെയുള്ള പോത്തംതോട് കവിഞ്ഞൊഴുകിയിരുന്നതിനാൽ മറുകരയ്ക്ക് ജീപ്പ് കടത്താനായില്ല.
പാലമില്ലാത്തതിനാൽ തോട്ടിലൂടെ വേണം ജീപ്പിന് കടന്നുപോകാൻ. ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. കനത്ത മഴയും ആധി വർധിപ്പിച്ചു. വിജയൻ തന്റെ ഭാര്യ മിനിയെ വിളിച്ച് കോളനിയിൽ നിന്നുള്ള മറ്റുള്ളവരുടെ കൂടി സഹായത്തോടെയാണ് പിഞ്ചുകുട്ടികളേയും യുവതിയേയും തോടുകടത്തിയത്.
പോത്തംതോടിനു കുറുകെപാലം നിർമിക്കണമെന്ന കോളനിക്കാരുടെ ആവശ്യത്തിന് രണ്ട് പതിറ്റാണ്ടെങ്കിലും പഴക്കമുണ്ടെങ്കിലും പാലം ഇന്നും യഥാർത്ഥ്യമായിട്ടില്ല. കടപ്പാറയിൽനിന്നും കോളനിയിലേക്കുള്ള റോഡ് നിർമാണം 80 ശതമാനത്തിൽ കൂടുതൽ പുർത്തിയായിട്ടുണ്ടെങ്കിലും പാലം നിർമാണം മുടങ്ങി.
റോഡ് നിർമാണ കരാറുകാരന് യഥാസമയം ഫണ്ട് നല്കാതെ കരാറുകാരൻ പണി നിർത്തി പോകുകയായിരുന്നു. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട പട്ടികവർഗ്ഗ വികസന വകുപ്പും തങ്ങളുടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിൽപോലും താത്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപം ആദിവാസികൾക്കുണ്ട്.
വനംവകുപ്പിന്റെ അവഗണനയ്ക്കും കുറവില്ല. തോടിനു കുറുകെ അടിയന്തിരമായി താത്കാലിക പാലം നിർമിച്ച് ചികിത്സയ്ക്കും അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനും നടപടി വേണമെന്നാണ് കോളനിക്കാർ ആവശ്യപ്പെടുന്നത്.
കോളനിയിലെ വീടുകളെല്ലാം ചോർന്നൊലിക്കുന്നതിനാൽ അന്തിയുറങ്ങാൻപോലും കഴിയാത്ത ദുരവസ്ഥയും വനത്തിനകത്തെ തളികകല്ലിലെ ആദിവാസികൾക്കുണ്ട്.
54 കുടുംബങ്ങളുള്ളതിൽ 34 കുടുംബങ്ങൾക്കാണ് കക്കൂസ് പോലെയുള്ള കുടുസു വീടുകളുള്ളത്. വീടിനുള്ളിൽ തന്നെ ടാർപോളിനും പ്ലാസ്റ്റിക് ചാക്കുകളും വലിച്ച് കെട്ടിയാണ് വീടിന്റെ ഏതെങ്കിലും മൂലകളിൽ മഴ പെയ്യുന്പോൾ ഇവർ കഴിയുന്നത്.