കോട്ടയം: വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച മഴയ്ക്കു ഇന്നു രാവിലെ നേരിയ ശമനം. ഇന്നു പുലർച്ചെ മുതൽ ജില്ലയിൽ മഴയുടെ അളവിൽ കുറവുണ്ടായി. കിഴക്കൻ പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി. പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം നേരിയതോതിൽ ഉയരുകയാണ്.
36 ണിക്കൂറിലധികം തിമിർത്തു പെയ്ത മഴയിൽ ജില്ലയിൽ വ്യാപകനാശം നേരിട്ടു. മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറും പന്പയാറും പലസ്ഥലത്തും കരകവിഞ്ഞൊഴുകുകയാണ്. ഇന്നും ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
പാലായിൽ വെള്ളം കുറഞ്ഞു തുടങ്ങി
പാലാ: വിവിധ റോഡുകൾ വെള്ളം കയറി നിലയിലാണ് ഇന്നും. എങ്കിലും ഇന്നു രാവിലെ പല റോഡിലും വെള്ളം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. പാലാ നഗരത്തിലേക്കുള്ള ഗതാഗതം ഭാഗികമായി മുറിഞ്ഞു.
പാലാ-ഉഴവൂർ റോഡിൽ മുണ്ടുപാലം, വൈക്കം റോഡിൽ മണലേൽ പാലം, പൊൻകുന്നം റോഡിൽ മുരിക്കുംപുഴ, കുന്പാനി, കടയം, കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്, പുലിയന്നൂർ, ചെത്തിമറ്റം, മൂന്നാനി എന്നിവിടങ്ങളിലെല്ലാം ഇന്നു രാവിലെയും വെള്ളമുണ്ട്.
പാലാ-ഈരാറ്റുപേട്ട റോഡിൽ വെളളം ക്രമാതീതമായി ഉയർന്നതോടെ പോലീസ് റിബണ് കെട്ടി ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഉഴവൂർ റോഡിൽ മുണ്ടുപാലത്തും കരൂർ പള്ളിക്കുസമീപവും റോഡിൽ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി.
ഭരണങ്ങാനം-ഇടമറ്റം റോഡ് വെള്ളത്തിലാണ്. ഇന്നലെ വൈകുന്നേരത്തേടെ പാലാ റിവർവ്യു റോഡിനോടു ചേർന്നുള്ള വ്യാപാര സ്ഥാപനങ്ങളിലും കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ കടകളിലും വെള്ളം കയറിയിരുന്നു. ഭരണങ്ങാനം വട്ടോളികടവ് പാലത്തിലും വെള്ളം കയറി.
ഈരാറ്റുപേട്ട മേഖലയിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കേസ് വേ പാലത്തിൽ വെള്ളം കയറിയതോടെ ഇതുവഴി ഗതാഗതം തടസപ്പെട്ടു.
പൂഞ്ഞാർ റോഡിൽ പള്ളിവാതുക്കലിൽ വെള്ളം കയറിയതോടെ കൊണ്ടൂർ-ചിറ്റാറ്റിൻകര പാലത്തിൽ വെള്ളം കയറി. പനയ്ക്കപ്പാലത്തും അന്പാറയിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.