പാറന്പുഴ: വെള്ളം കയറിക്കിടന്ന റോഡിലൂടെ അമിത വേഗത്തിൽ വണ്ടിയോടിച്ചുണ്ടായ ഓളത്തിൽ മതിലുകൾ തകർന്നു. പാറന്പുഴയിലാണ് സംഭവം. ഒരു കൂട്ടം ആളുകൾ ദുരന്തത്തെ ആഘോഷമാക്കി രാത്രിയിൽ നടത്തിയ വാഹനയോട്ടത്തിൽ നിരവധി വീടുകൾക്ക് ബലക്ഷയവും സംഭവിച്ചു.അമിതവേഗത്തിൽ വെള്ളമുള്ള റോഡിലൂടെ വലിയ ടയറുള്ളതും ഉയരമുള്ളതുമായ വാഹനങ്ങൾ ഓടിക്കുന്പോൾ റോഡിലെ വെള്ളം വലിയ ഓളത്തോടെ ഇരുവശങ്ങളിലേക്കും പോകുന്നതു കാണാനാണ് ഇത്തരത്തിൽ വാഹനങ്ങൾ ഓടിച്ചത്.
റോഡരികിൽ വെള്ളത്തിൽ കുതിർന്ന് നിൽക്കുന്ന വീടുകളിലും മതിലുകളിലും ഈ ഓളങ്ങൾ ശക്തിയായി അടിക്കുന്പോൾ ഇവയ്ക്ക് ബലക്ഷയം സംഭവിക്കുകയോ തകർന്നു വീഴുകയോ ആണു ചെയ്യുന്നത്.കഴിഞ്ഞ രാത്രിയിൽ പാറന്പുഴയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇത്തരത്തിൽ സംഭവിച്ചത്. ശനിയാഴ്ച രാത്രിയിൽ 11നുശേഷം ഇത്തരത്തിൽ അങ്ങോട്ടുമിങ്ങോട്ടും വെള്ളക്കെട്ടിലൂടെ വാഹനമോടിച്ചതായി നാട്ടുകാർ പറയുന്നു.
വലിയ ഓളങ്ങൾ റോഡിന് ഇരുവശവും വീടുകളിലേക്കു അടിച്ച് കയറിയപ്പോൾ ഭയന്നു പോയ വീട്ടുകാർ ഇനിയും ഇങ്ങനെ ഉണ്ടായാൽ വെള്ളത്തിൽ കുതിർന്ന് നിൽക്കുന്ന തങ്ങളടെ വീടുകൾ തകർന്നു വീണു മരണമുൾപ്പടെ സംഭവിക്കുമെന്ന് ഭയന്ന് ഉറങ്ങാതെ മേശപ്പുറത്തും മറ്റും കസേരയിട്ട് ഇരുന്നുനേരം വെളുപ്പിക്കേണ്ടി വന്നു.വെള്ളപ്പൊക്ക ദുരന്തത്തിൽ വീട്ടിൽ കുടുങ്ങി പോയവർക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്.
എല്ലാ മഴക്കാലത്തും വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്ന കോട്ടയം ജില്ലയിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് തിരുവഞ്ചൂരിനു സമീപമുള്ള പാറന്പുഴ. നിരന്തരമുണ്ടാകുന്ന വെള്ളപ്പൊക്കങ്ങൾ വീടുകൾക്ക് താങ്ങാവുന്നതിനുമപ്പുറമായി. ഈ അവസ്ഥയിലാണു മനുഷ്യർ അനുഭവിക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി എന്തെന്ന് മനസിലാക്കാതെ മദ്യപിച്ചു വെള്ളം കയറി കിടക്കുന്ന റോഡിലൂടെ രാത്രി അസമയത്ത് വാഹനമേടിച്ച് ചിലർ വെള്ളപ്പൊക്കത്തെ ആലോഷമാക്കുന്നത്.
കൊശമറ്റം കവലയ്ക്കും മോസ്കോ കലയ്ക്കും ഇടയിലാണ് ഇവർ കുടുതൽ നാശനഷ്ടമുണ്ടാക്കിയത്.പാറന്പുഴ ആശുപത്രിയുടെ മുന്നിലെയും ഒരു വശത്തെയും മതിലുകൾ തകർന്നു വെള്ളത്തിൽ വീണപ്പോൾ ആശുപത്രിയിൽ ഉപയോഗിച്ചശേഷം കോന്പൗണ്ടിൽ സൂക്ഷിച്ചിരുന്ന സിറിഞ്ച്, രോഗികളുടെ രക്തത്തോടും മരുന്നുകളോടും കൂടിയ പഞ്ഞികൾ മുതലായവ തകർന്ന മതിൽക്കെട്ട് ഭാഗത്ത് കൂടി പുറത്തേക്ക് ഒഴുകി പോകുകയും സമീപപ്രദേശങ്ങളിലെ വീട്ടുമുറ്റത്തേക്കും വെള്ളംമൂടിയ കിണറുകളിലേക്കും ഒഴുകി എത്തുകയും ചെയ്തിട്ടുണ്ട്.
ജില്ലാ ഭരണനേതൃത്വവും പോലീസും ഇക്കാര്യത്തിൽ ഇടപെട്ട് നിയമ നടപടി സ്വീകരിച്ച് നഷ്ടപരിഹാരം വാങ്ങി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളപ്പൊക്ക ദുരന്ത സമയത്ത് ഇത്തരത്തിൽ ദുരന്തത്തിനിരയായവരെ ഉപദ്രവിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.