തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
ഇന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഉച്ചയ്ക്ക് ശേഷമാകും മഴ സജീവമാവുക.മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടും.
പത്തനംതിട്ട മൂഴിയാർ അണക്കെട്ട് തുറക്കാൻ സാധ്യത. നിലവിൽ പരമാവധി സംഭരണ ശേഷിയോടടുത്താണ് ഡാമിലെ ജലനിരപ്പ്. ഇനിയും മഴ തുടർന്നാൽ ഷട്ടർ തുറക്കേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലത്തെ മഴയിൽ കുറ്റ്യാടി, തൊട്ടില്‍പ്പാലം മേഖലയില്‍ ആറ് വീടുകള്‍ പൂര്‍ണമായും അഞ്ച് വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ ഉണ്ടായി.
മലയോര മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്.