മുക്കം: കർക്കിടക മാസത്തിലുൾപ്പെടെയുണ്ടായ മഴക്കുറവിന് പരിഹാരമായി മഴ കനത്തത് വലിയ ആശ്വാസമായതിനൊപ്പം തന്നെ ആശങ്കയ്ക്കും വക നൽകുന്നു. കഴിഞ്ഞ മൂന്നു ദിവസമായി കോഴിക്കോട് ജില്ലയുടെ മലയോര മേഖലയായ മുക്കം, തിരുവമ്പാടി ,കൂടരഞ്ഞി, കാരശ്ശേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ മലയോരത്തെ നദികളിലും തോടുകളിലും ജലനിരപ്പ് ഉയർത്തിയിട്ടുണ്ട്. ഒരാഴ്ചച മുൻപ് വരെ വളരെ കുറച്ച് ജലനിരപ്പുണ്ടായിരുന്ന ഇരുുവഴിഞ്ഞി പുഴയിലും ചെറുപുഴയിലും ചാലിയാറിലും വലിയ തോതിലാണ് ജലനിരപ്പ് ഉയർന്നത്.
വലിയ തോതിൽ കുടിവെള്ള ക്ഷാമമുൾപ്പെടെ അനുഭവിച്ച മലയോര ജനതക്ക് ഇത് ആശ്വാസമാണ്. പുഴ തീരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ കുടിവെള്ള പദ്ധതികൾക്കും ആവശ്യത്തിന് വെള്ളം ലഭിച്ചിട്ടുണ്ട്. കാർഷിക മേഖലക്കും പുത്തനുണർവാണ് ലഭിച്ചിരിക്കുന്നത് . അതേ സമയം ജലനിരപ്പ് ക്രമാതീതമായുയരുന്നത് ആശങ്കയ്ക്കും വക നൽകുന്നു . വർഷങ്ങളായി മഴക്കാലങ്ങളിൽ ഏക്കർ കണക്കിന് ഭൂമിയാണ് തീരമിടിഞ്ഞ് പുഴയിലേക്ക് പതിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്തുൾപ്പെടെ ഇത് സംഭവിച്ചിരുന്നു. പുഴ തീരം കെട്ടി സംരക്ഷിക്കാൻ നടപടി വേണമെന്ന മുറവിളിക്ക് ഇത് വരെ പരിഹാരമായിട്ടില്ല.
റിവർ മാനേജ് ഫണ്ടിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അയക്കുന്ന തുക ആവശ്യാനുസരണം വിനിയോഗിക്കാനും തുക അടക്കാത്ത തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് അടപ്പിക്കാനാവശ്യമായ സംവിധാനമൊരുക്കാത്തതും പ്രതിസന്ധിക്ക് കാരണമാണ്. ഇരുവഴിഞ്ഞി പുഴയുടേയും ചാലിയാറിന്റെയും തീരങ്ങൾ ഇത്തരത്തിൽ വ്യാപകമായാണ് ഇടിഞ്ഞ് തീരുന്നത്.
നിരവധി കുടിവെള്ള പദ്ധതികൾക്കും തീരമിടിച്ചിൽ വലിയ ഭീഷണിയാണ്. മലയോര മേഖലയിലെ ചില റോഡുകളിലും വെള്ളക്കെട്ട് അനുഭവപ്പെടുന്നതും ദുരിതമാണ്. കൂടരഞ്ഞി കൂമ്പാറ റോഡിലെ ഈസ്റ്റ് കൽപ്പിനി ഭാഗത്ത് ഇത്തരത്തിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.