തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ ഇന്നലെ തുറന്നെങ്കിലും ഇന്നു രണ്ടു ഷട്ടറുകൾ അടച്ചു. ഇന്നലെ ആറ് സ്പിൽവേ ഷട്ടറുകൾ തുറന്നതോടെ ഏഴു ഷട്ടറുകൾ വഴിയാണ് വെള്ളം പുറത്തേക്കൊഴുക്കിയത്.
ഇന്നു രാവിലെ രണ്ടു ഷട്ടറുകൾ അടച്ചതിനു പുറമെ മൂന്നു ഷട്ടറുകൾ വഴി തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചു. എന്നാൽ ജലനിരപ്പ് 141 അടിക്കു മുകളിൽ തന്നെ നില നിൽക്കുകയാണ്.
നിലവിൽ 141.45 അടിയാണ് ജലനിരപ്പ്. ഇന്നലെ 141.70 അടിയായി ജലനിരപ്പ് ഉയർന്നിരുന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ രാത്രി മൈക്ക് അനൗണ്സ്മെന്റ് അടക്കം ജാഗ്രതാനിർദേശം നൽകിയിരുന്നു. എന്നാൽ, പിന്നീട് വൃഷ്ടി പ്രദേശത്തേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ആശങ്ക ഒഴിയുകയായിരുന്നു.
ഇടുക്കി അണക്കെട്ടിൽ 2400.24 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇന്നലത്തെതിനേക്കാൾ ഉയർന്ന ജലനിരപ്പാണിത്. വരും മണിക്കൂറുകളിൽ വീണ്ടും ജലനിരപ്പ് ഉയരാനാണ് സാധ്യത. മുല്ലപ്പെരിയാറിൽ നിന്നും തുറന്നു വിടുന്ന ജലം ഇടുക്കി ഡാമിലേക്കാണ് എത്തുന്നത്.
നിലവിൽ ഷട്ടർ തുറക്കേണ്ട സാഹചര്യമില്ലെന്ന് കഐസ്ഇബി അറിയിച്ചു. 2403 അടിയാണ് പരമാവധി സംഭരണ ശേഷി. ബ്ലൂ അലർട്ടാണ് ഡാമിൽ പ്രഖ്യാപിച്ചിരിക്കുന്നത്. 2402 അടിയാണ് റെഡ് അലർട്ട് പരിധി.
ഇതിനിടെ പൊൻമുടി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു. ഷട്ടറുകൾ 60 സെന്റീമീറ്റർ വീതം തുറന്ന് 130 ക്യുമെക്സ് വരെ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.
പന്നിയാർ പുഴയുടെ തീരപ്രദേശത്ത് ജാഗ്രത നിർദശം നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തുൾപ്പെടെ ഇടുക്കിയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നതിനാൽ പെരിയാർ തീരത്തും കളക്ടർ അതീവ ജാഗ്രതാ നിർദേശം നൽകി.