മുണ്ടക്കയം: തുടർച്ചയായുണ്ടാകുന്ന മഴയും ഉൾപൊട്ടലും മലയോരമേഖലയെ ഭീതിയിലാഴ്ത്തുന്നു. ഇന്നലെ മണിക്കൂറുകൾ നീണ്ടു നിന്ന മഴയ്ക്കു പിന്നാലെ രാത്രിയിൽ കൊക്കയാർ പഞ്ചായത്തിലെ ഉറുന്പിക്കര മലയിലും മേലോരം അഴങ്ങാട് അടികാട് ഭാഗത്തും ചെറിയ ഉരുൾപൊട്ടലുണ്ടായിരുന്നു.
ആൾതാമസമില്ലാത്ത പ്രദേശം ആയിരുന്നതിനാലും ചെറിയ തോതിലുള്ള ഉരുൾ പൊട്ടലായതിനാലും ആളപായമില്ല. മാനത്ത് കാറും കോളും നിറയുന്നതോടെ മഹാദുരന്തമാണോ മുന്നിലെന്ന ആശങ്കയിലാണ് ഓരോ വീടുകളും.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ അതിശക്തമായ മഴയാണ് ഈ വർഷം രേഖപ്പെടുത്തിയത്.
ഇന്നലെ മണിക്കൂറുകളോളം ശക്തമായ മഴ പെയ്തതിനു പിന്നാലെയാണ് ഉറുന്പിക്കര പാപ്പാനിതോട് ഒന്നാം പാലത്തിനു സമീപത്തും മേലോരം വാർഡിലെ അടികാട് ഭാഗത്തും ഇന്നലെ രാത്രിയോടെ ഉരുൾ പൊട്ടിയത്.
ഇതോടെ ഉറുന്പിക്കരയിൽനിന്നുള്ള പാപ്പാനി തോട്ടിലും മേലോരത്തുനിന്നുള്ള കൊടികുത്തിയാറ്റിലും ശക്തമായ ഒഴുക്കാണുണ്ടായത്.
മുണ്ടക്കയം പഞ്ചായത്തിലെ ഏറ്റവും നിരന്ന പ്രദേശങ്ങളിലൊന്നായ വണ്ടൻപതാൽ മേഖലയും കഴിഞ്ഞദിവസം വെള്ളത്തിൽ മുങ്ങിയതോടെ കൂട്ടിക്കൽ, മുണ്ടക്കയം, കൊക്കയാർ പഞ്ചായത്തുകളുടെ എല്ലാപ്രദേശവും ഭീതിയുടെ മുൾമുനയിലാണ്.
കഴിഞ്ഞ ദിവസം വണ്ടൻപതാൽ തേക്കും കൂപ്പ് ഭാഗത്തുണ്ടായണ്ടായ മഴവെള്ളപ്പാച്ചിലിൽ നിരവധി വീടുകളിൽ വെള്ളം കയറി കേടുപാട് സംഭവിച്ചു. ശനിയാഴ്ച വൈകുന്നേരം മൂന്നിന് ആരംഭിച്ച മഴയ്ക്ക് വൈകുന്നേരം ആറോടെ ശക്തി കുറഞ്ഞെങ്കിലും രാത്രി ഒന്പതുവരെ മഴ തുടർന്നു.
താഴ്ന്ന പ്രദേശങ്ങളിലുള്ള എല്ലാ വീടുകളിലും ആളുകൾ ഏതുനിമിഷവും മറ്റു സ്ഥലത്തേക്ക് മാറാവുന്ന രീതിയിൽ കണ്ണും കാതും കൂർപ്പിച്ച് ജാഗ്രതയോടെ നിലകൊള്ളുകയാണ്.
ശനിയാഴ്ച വൈകുന്നേരം വണ്ടൻപതാലിൽ ഉണ്ടായത് ഉരുൾപൊട്ടലല്ല, മഴവെള്ളപ്പാച്ചിലാണെന്നു വനംവകുപ്പ് അധികൃതർ ഇന്നലെ അറിയിച്ചിരുന്നു.
സർക്കാർ തേക്കും കൂപ്പ് മുകൾ ഭാഗത്തുനിന്നും കുത്തിയൊലിച്ച് എത്തിയ മഴവെള്ളപ്പാച്ചിലാണ് വണ്ടൻപതാൽ മേഖലയെ വെള്ളത്തിലാഴ്ത്തിയതെന്നാണു നിഗമനം.
കൂപ്പു ഭാഗങ്ങളിൽ പരിശോധന നടത്തിയെന്നും ഉരുൾപൊട്ടലിന്റെ ലക്ഷണങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.വി. ജയകുമാർ പറഞ്ഞു. ഇന്നലെ രാത്രിയിലുണ്ടായതും ഉരുൾ പൊട്ടൽ തന്നയാണോ എന്ന കാര്യത്തിൽ ഇന്നു വ്യക്തതയുണ്ടാകും.