പാലക്കാട് : കാലവർഷക്കെടുതിയിൽ ജില്ലയിൽ ഇതുവരെ 18.67 കോടിയുടെ നാശനഷ്ടം. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്നും അടിയന്തര സാഹചര്യങ്ങളെ നേരിടാനായി ദുരിതബാധിത മേഖലയിലെ തഹസിൽദൽമാർക്ക് 2.1 കോടി അനുവദിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. നേരത്തെ ജില്ലയിൽ നിന്നും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.
ജില്ലയിൽ ഇതുവരെ 18.67 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. 12.83 കോടിയുടെ കൃഷിനാശമാണ് മഴമൂലം സംഭവിച്ചത്. 428 വീടുകളിൽ 12 എണ്ണം പൂർണമായും തകർന്നു. തുമരാമത്ത് കെട്ടിടങ്ങൾ തകർന്ന് 12 ലക്ഷവും റോഡുകൾ തകർന്ന് 3.07 കോടിയും കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് 1.58 കോടിയും മൃഗങ്ങൾ നഷ്ടപ്പെട്ടതുമൂലം 3.6 ലക്ഷവും നഷ്ടമുണ്ടായി.
ദുരിതാശ്വാസ ക്യാന്പുകൾ
കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ചിറ്റൂർ, ആലത്തൂർ താലൂക്കുകളിൽ ദുരിതാശ്വാസ കാംപുകൾ ആരംഭിച്ചു. പാലക്കാട് താലൂക്കിലെ കാംപുകളുൾപ്പെടെ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം മൂന്നായി. എല്ലാ കാംപുകളിലും ഭക്ഷണവും വൈദ്യസഹായവും ഉറപ്പു വരുത്തിയതായി ജില്ലാ കളക്ടർ ഡി.ബാലമുരളി അറിയിച്ചു.
കാരപ്പാറ പുഴയിലെ വെള്ളപ്പൊക്കത്തെ തുടർന്നാണ് ചിറ്റൂർ താലൂക്കിൽ കാംപ് തുടങ്ങിയത്. നെല്ലിയാന്പതി ലേബർ കാംപിലെ 100ൽ പരം തൊഴിലാളികളെ തൊട്ടടുത്ത ഹിൽടോപ്പ് ലോഡ്ജിലേക്കാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. മംഗലംഡാമിനടുത്തുള്ള കടപ്പാറയിൽ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് 18 കുടുംബങ്ങളെ കടപ്പാറ ജി.എൽ.പി സ്കൂളിലേക്ക് മാറ്റിപാർപ്പിച്ചു. 15 കുട്ടികളടക്കം 57 പേരാണ് കാംപിലുള്ളത്. കൽപ്പാത്തി പുഴയിലെ വെള്ളം കയറിയതിനെ തുടർന്ന് അകത്തേത്തറ വില്ലേജിലെ 15 കുടുംബങ്ങളിലെ 49 പേരെ ആണ്ടിമഠം പാഞ്ചാലിയമ്മൻ കോവിൽ കല്യാണമണ്ഡപത്തിലേക്ക് മാറ്റി പാർപ്പിച്ചു.
ജലാശയങ്ങളിൽ ഇറങ്ങരുത്
കാലവർഷം തുടർന്നും ശക്തമാവുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്്ടർ മുന്നറിയിപ്പ് നൽകി. ഡാമുകളിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഡാമുകൾ തുറക്കാൻ സാധ്യതയുണ്ട്. ജലാശയങ്ങളിൽ കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് കലക്ടർ അറിയിച്ചു. പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
അഗ്നിശമനസേന ജില്ലയിലെ 65 സ്ഥലങ്ങളിൽ സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളിലും ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകാൻ സാധ്യതയുള്ളതിനാൽ മരങ്ങൾക്കു താഴെ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച പ്രദേശങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അതിശക്തമായ മഴയിൽ മണ്ണാർക്കാട് താലൂക്കിലെ പാലക്കയം വില്ലേജിലെ ശശി, പുതുശ്ശേരി സെൻട്രൽ വില്ലേജിലെ സന്തോഷ്കുമാർ എന്നിവർ പുഴയിലകപ്പെട്ട് മരിച്ചിട്ടുണ്ട്. ഭാരതപുഴയിലെ പറളി ഭാഗത്ത് ഒഴുക്കിൽപെട്ട ഷൊർണൂർ സ്വദേശി ജയകുമാർ, കൊല്ലങ്കോട് സീതാർക്കുണ്ട് വെള്ളച്ചാട്ടത്തിൽ വീണ ആലത്തൂർ സ്വദേശി ആഷിഖ് എന്നിവരെ കാണാതായിട്ടുണ്ട്.
നേവിയുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ജയകുമാറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടു ദിവസമായി ആഷിഖിനായുള്ള തിരച്ചിൽ തുടരുകയാണ്. അപ്രതീക്ഷിതമായി ഉണ്ടാവുന്ന അപകടങ്ങളിൽ നിന്നും പൊതുജനങ്ങൾ സ്വയം സംരക്ഷിക്കണമെന്നും കളക്ടർ അറിയിച്ചു.