ചങ്ങനാശേരി: വേനല്‍മഴയുടെ ആശങ്കയില്‍ കര്‍ഷകര്‍ നീറുമ്പോള്‍ ചൂഷണതന്ത്രവുമായി മില്ലുകാര്‍. നെല്‍ക്കര്‍ഷകരുടെ പ്രശ്നം പരിഹരിക്കേണ്ട പാടി ഉദ്യോഗസ്ഥര്‍ നിസംഗതയിലെന്ന് ആക്ഷേപം. ചിങ്ങവനം കരിക്കുന്നം കാട്ടാത്തറ പാടശേഖരത്ത് കൊയ്തുകൂട്ടിയ നെല്ല് എട്ടുദിവസമായിട്ടും മില്ലുകാര്‍ എടുക്കുന്നില്ല. കിഴിവ് തര്‍ക്കത്തെതുടര്‍ന്നാണ് നെല്ല് നീക്കം തടസപ്പെട്ടിരിക്കുന്നത്.
കിഴിവിന്റെ പേരില്‍ മില്ലുകാര്‍ നെല്ലെടുക്കാതിരിക്കുന്ന നടപടിയില്‍ ചിങ്ങവനം കരിക്കുന്നം കാട്ടാത്തറ പാടശേഖരത്തിലെ കര്‍ഷകര്‍ നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. 150 ഏക്കറിലെ നെല്ലാണ് ഈ പാടശേഖരത്ത് കെട്ടിക്കിടക്കുന്നത്. മില്ലുകാര്‍ ആദ്യം അഞ്ചുകിലോ കിഴിവാണ് ആവശ്യപ്പെട്ടത്.
കര്‍ഷകര്‍ തര്‍ക്കം ഉന്നയിച്ചതിനെത്തുടര്‍ന്ന് ഇത് മൂന്നുകിലോയായി കുറച്ചിട്ടുണ്ട്. നല്ല ഉണക്കുള്ള നെല്ലിന് മൂന്നു കിലോ കിഴിവ് ചോദിക്കുന്നത് കര്‍ഷകരോടുള്ള വഞ്ചനയാണെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.
പാടശേഖരസമിതി പ്രസിഡന്റ് വിനോദിന്റെ അധ്യക്ഷതയില്‍ നെല്‍കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മില്ലുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഒത്തുകളിയാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും വി.ജെ. ലാലി ആവശ്യപ്പെട്ടു.
ഉടന്‍ നെല്ല് ഉടനെ സംഭരിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, അജയന്, പാടശേഖര സമിതി കണ്‍വീനര്‍ പാപ്പച്ചന്, സെക്രട്ടറി സാബു, നിജു വാണിയപുരക്കല്‍, പി.പി. മോഹനന്, അഭിഷേക് ബിജു എന്നിവര്‍ പ്രസംഗിച്ചു.