തിരുവനന്തപുരം: ആശങ്കകൾ ഉയർത്തി സംസ്ഥാനത്ത് വീണ്ടും ന്യൂനമർദ്ദം. അറബിക്കടലിൽ രൂപം പ്രാപിക്കുന്ന ന്യൂനമർദ്ദത്തെ തുടർന്നു വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതേതുടർന്നു ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി. ന്യൂനമർദ്ദത്തെ തുടർന്ന് കടൽ അതീവ പ്രക്ഷുബ്ദമാകുവാൻ സാധ്യതയുള്ളതിനാൽ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികൾ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ന്യൂനമർദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികളും തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
മത്സ്യബന്ധനത്തിനു പോയിരിക്കുന്ന തൊഴിലാളികൾ ഒക്ടോബർ അഞ്ചിന് മുൻപ് ഏറ്റവും അടുത്ത തീരത്ത് എത്തണമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം നാല് മുതൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. ഉച്ചഭാഷിണിയിലൂടെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയോര മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ അധികൃതർ നൽകുന്ന നിർദേശം ജനങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ജില്ലകളിൽ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയെന്നും നീലക്കുറിഞ്ഞി കാണാൻ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മൂന്നാറിലേക്ക് ആരും പോകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.