സ്വന്തം ലേഖകൻ
തൃശൂർ: പ്രളയബാധിതർക്ക് തന്റെ വരുമാന മാർഗമായ മുഴുവൻ തുണികളും നൽകിയ പി.എം.നൗഷാദിനെ ഒരാഴ്ചത്തെ സന്ദർശനത്തിന് യു.എ.ഇയിലേക്ക് കൊണ്ടുപോകും. ഷാർജയിലെ സ്മാർട്ട് ട്രാവൽസ് എം.ഡി.അഫി അഹമ്മദാണ് സമൂഹമാധ്യമങ്ങളിൽ നൽകിയ സന്ദേശത്തിൽ നൗഷാദിനെ ഗൾഫിലേക്ക് ഒരാഴ്ചത്തെ സന്ദർശനത്തിനായി കൊണ്ടുവരുന്ന കാര്യം അറിയിച്ചത്.
നൗഷാദിന് ഒരു ലക്ഷം രൂപ സമ്മാനമായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതമനുഭവിക്കുന്നവരുടെ സങ്കടം തീർക്കാൻ സ്വന്തം വരുമാനം വിട്ടുകൊടുത്ത നൗഷാദിന് സങ്കടം വരാൻ പാടില്ലെന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഒരുലക്ഷം രൂപ സമ്മാനമായി നൽകുന്നതെന്നും അഫി അഹമ്മദ് വ്യക്തമാക്കി.
കോടിക്കണക്കിന് രൂപ കയ്യിലുള്ളവർ പോലും സഹായം നൽകാതിരിക്കുന്പോൾ തനിക്കുള്ളതെല്ലാം കൊടുത്ത ്കോടിക്കണക്കിന് ആളുകളുടെ മനസിൽ നൗഷാദ് ഇടം നേടിയിരിക്കുകയാണെന്നും പ്രവാസികൾക്കും നൗഷാദിനെ അഭിനന്ദിക്കണമെന്നുണ്ടെന്നും ഒരാഴ്ചത്തെ സന്ദർശനത്തിന് നൗഷാദിനെ ഗൾഫിലേക്ക് കൊണ്ടുവരുന്നത് അതുകൊണ്ടാണെന്നും അഫി അഹമ്മദ് പറഞ്ഞു.
ലോകത്തിന് നല്ലൊരു സന്ദേശം പകർന്നു നൽകിയ നൗഷാദിന് പ്രവാസികളുടെ സ്നേഹം എന്തെന്ന് അറിയാനും ഈ സന്ദർശനം കൊണ്ട് സാധിക്കുമെന്ന് അഫി അഹമ്മദ് പറഞ്ഞു.