കോട്ടയം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദത്തിന്റെ ഭാഗമായി ഇന്നു മുതൽ ശനിയാഴ്ച വരെ ജില്ലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത.
കിഴക്കൻ പ്രദേശങ്ങളിൽ അതിതീവ്രമഴയ്ക്കും മണ്ണിടിച്ചിലിനുമുള്ള സൂചനയാണ് കാലാവസ്ഥാ വിഭാഗം നൽകുന്നത്.
14,15 തീയതികളിൽ ജില്ലയിൽ കാലവർഷത്തിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നിലുള്ളത്.
ഈ ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. ചിലപ്രദേശങ്ങളിൽ മാത്രമായി കൊടുങ്കാറ്റിനും സാധ്യതയുണ്ട്.
രണ്ടു ദിവസമായി ലഭിക്കുന്നത് വേനൽമഴയല്ലെന്നും കാലവർഷത്തിനു മുന്നോടിയായുള്ള മഴയാണെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.
ഇന്നു മുതൽ ഉച്ചകഴിഞ്ഞു തുടങ്ങുന്ന മഴയും മിന്നലും കാറ്റും രാത്രി വൈകിയും തുടരാനുള്ള സാധ്യതയിൽ രാത്രികാല സഞ്ചാരം പൂർണമായി ഒഴിവാക്കണം.
അന്തരീക്ഷ ഈർപ്പത്തിന്റെ തോത് ഉയർന്നു നിൽക്കുന്നതിനാൽ കോവിഡ് വ്യാപനത്തോത് കൂടാനും സാഹചര്യമുണ്ട്.
മഴയുടെ സാഹചര്യത്തിൽ ക്യാന്പുകളിലേക്കോ അയൽവീടുകളിലേക്കോ താമസം മാറ്റുന്നവർ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം.
ക്യാന്പുകൾ തുറക്കേണ്ടിവന്നാൽ കിടക്കാനുള്ള സ്ഥലങ്ങളിൽ കൃത്യമായ അകലം പാലിക്കണമെന്നും നിർദേശമുണ്ട്.