മുംബൈ: തെക്കുപടിഞ്ഞാറൻ മൺസൂണിൽ ശരാശരി മഴ ലഭിക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം ഓഹരിവിപണിയെ പുതിയ ഉയരങ്ങളിലേക്കു നയിച്ചു. സെൻസെക്സ് 39,000 -നു മുകളിൽ ക്ലോസ് ചെയ്തു.
തുടർച്ചയായ നാലാം ദിവസവും സെൻസെക്സ് ഉയർച്ച കാണിച്ചു. ഇന്നലെ 39,364.34 എന്ന പുതിയ ഉയരത്തിലെത്തിയശേഷമാണ് 39,275.64-ൽ ക്ലോസ് ചെയ്തത്. ക്ലോസിംഗിലെ റിക്കാർഡാണിത്. തലേ വ്യാപാര ദിവസത്തേക്കാൾ 369.8 പോയിന്റ് ഉയരത്തിലാണു ക്ലോസിംഗ്. നിഫ്റ്റി 80 പോയിന്റ് കയറി 11,787.15 എന്ന റിക്കാർഡ് നിലവാരത്തിൽ ക്ലോസ് ചെയ്തു. തകർച്ചയിലേക്കു കൂപ്പുകുത്തുന്ന ജെറ്റ് എയർവേസ് ഓഹരികൾ ഇന്നലെ 10 ശതമാനത്തിലധികം ഇടിഞ്ഞു.
ജൂൺ-സെപ്റ്റംബർ കാലവർഷ മഴ ദീർഘകാല ശരാശരിയുടെ 96 ശതമാനം ഉണ്ടാകുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ ഏഴു ശതമാനം കുറവാകുമെന്നു നേരത്തേ സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് പ്രവചിച്ചിരുന്നു. വകുപ്പിന്റെ പ്രവചനം ആ നിലയ്ക്കു വിപണിയെ ആശ്വസിപ്പിച്ചു.
കാലവർഷമാണു രാജ്യത്തെ മഴയുടെ 70 ശതമാനവും നല്കുന്നത്. ഖാരിഫ് വിളവ് മെച്ചപ്പെടാൻ യഥാസമയം കിട്ടുന്ന കാലവർഷ മഴ സഹായിക്കും. കാലവർഷത്തിൽ കിട്ടുന്ന വെള്ളം ഡാമുകളിൽ ശേഖരിച്ചാണ് റാബി വിളക്കാലത്തു ജലസേചനം നടത്തുന്നത്. കാർഷികവരുമാനം വർധിക്കുന്നതു ഗ്രാമീണ മേഖലയിൽ ഉത്പന്നങ്ങളുടെ വില്പന വർധിപ്പിക്കും. അതു വ്യവസായരംഗത്ത് ഉണർവാകും. അതുകൊണ്ടാണു കാലവർഷ പ്രവചനത്തിനു വിപണി വലിയ പ്രാധാന്യം നല്കുന്നത്.