തിരുവനന്തപുരം: മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട അതിശക്തമായ “ക്യാർ’ ചുഴലിക്കാറ്റിനു പിന്നാലെ തെക്കുകിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിനടുത്തായി ബുധനാഴ്ചയോടെ പുതിയൊരു ന്യൂനമർദം കൂടി രൂപപ്പെടുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ന്യൂനർദത്തിന്റെ സഞ്ചാരപാത അറബിക്കടലിൽ ശ്രീലങ്കയുടെ വടക്കേ തീരത്തിന് സമീപത്തുനിന്ന് ബംഗാൾ ഉൾക്കടലിലേക്കായിരിക്കുമെന്നും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
അതേസമയം ക്യാർ ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ വ്യാഴാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു. 24 മണിക്കൂറിൽ 11 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാധ്യത.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ ബുധനാഴ്ചയും ഇടുക്കി ജില്ലയിൽ വ്യാഴാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ യെല്ലോ അലർട്ട് തുടരും.