ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 35 ആയി. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 50ലേറെ പേർക്കു പരിക്കേറ്റു. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ കനത്ത മഴയാണ്.
മഴയിൽ നിരവധി വീടുകൾ തകർന്നു. പലയിടത്തും മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് കൂടുതൽ നാശമുണ്ടായിരിക്കുന്നത്.
ഇവിടെ മാത്രം 30 പേർ മരിച്ചു. തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽ അഞ്ചു പേർ മരിച്ചു. ഇവിടെനിന്ന് പതിനായിരത്തിലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. എഴുന്നൂറോളം വീടുകൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.