പാലക്കാട്: ജില്ലയിൽ മൂന്നുദിവസമായി തുടരുന്ന കനത്ത മഴ പരക്കെ നാശം വിതച്ചു. ഇന്നലെ വീശിയടിച്ച കാറ്റിൽ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണു. റോഡിലേക്ക് മരം വീണതിനാൽ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. വൈദ്യുതി വിതരണവും തടസപ്പെട്ടു.പുതുപ്പരിയാരം തോട്ടുപാലത്തിന് സമീപം രണ്ടിടത്ത് മരം റോഡിലേക്ക് പൊട്ടി വീണു. ഒരിടത്ത് കാറിന് മുകളിലേക്ക് മരം വീണെങ്കിലും ഭാഗ്യം കൊണ്ട് ആളപായം ഉണ്ടായില്ല.
സിവിൽ സ്റ്റേഷന് സമീപവും യാക്കരയിലും കനത്ത കാറ്റിൽ മരം റോഡിലേക്ക് കടപുഴകി വീണു. ജില്ലയിലെ മിക്ക പുഴകളിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി പെയ്യുന്ന മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. യാക്കര, പുതുപ്പരിയാരം, കോളജ് റോഡ് എന്നിവിടങ്ങളിൽ വൈദ്യുതലൈൻ പൊട്ടി വീണു. കോട്ടമൈതാനത്ത് ജില്ലാ ആശുപത്രിക്കു സമീപം നടപ്പാതയിൽ വലിയ ഫ്ളെക്സ് ബോർഡ് വീണത് കാൽനടയാത്രക്കാർക്ക് ദുരിതമായി.
മിക്കയിടത്തും റോഡിൽ വെള്ളം കയറിയത് വാഹന-കാൽനടയാത്ര ദുരിതമാക്കി. മേലാമുറി മാർക്കറ്റ് റോഡ്, പട്ടിക്കര ബൈപ്പാസ് എന്നിവിടങ്ങളിലെ കടകളിലേക്ക് വെള്ളം കയറി.ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തവും (115 എം.എം വരെ മഴ) അതിശക്തവുമായ (115 എം.എം മുതൽ 204.5 എം.എം വരെ മഴ) മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അധികൃതരുടെ നിർദ്ദേശം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ നിർമാണം കഴിയാത്ത വീടുകളിൽ താമസിക്കുന്നവരും പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ തീർക്കാത്ത വീടുകളിൽ താമസിക്കുന്നവരും എമർജൻസി കിറ്റ് തയ്യാറാക്കി വെയ്ക്കണം.
മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവണം. ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെയ്ക്കണമെന്ന് അധികൃതർ അറിയിച്ചു.
വടക്കഞ്ചേരി: ഇന്ന് രാവിലെയുണ്ടായ കാറ്റിലും മഴയിലും മുടപ്പല്ലുർ -മംഗലംഡാം റോഡിൽ മരങ്ങൾ വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു. ചിറ്റടി ഒടുകൂർ കുന്നംക്കോട് കളത്ത് പാതയോരത്ത് കാലങ്ങളായി ഉണങ്ങി നിന്നിരുന്ന വലിയ തേക്ക് മരം റോഡിലേക്ക് വീണു.ഈ സമയം വാഹനങ്ങൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. രാവിലെ ഒന്പത് മണിയോടെയായിരുന്നു സംഭവം. നിരവധി സ്കൂൾ വാഹനങ്ങൾ കടന്നു പോകുന്ന സമയമായിരുന്നെങ്കിലും തലനാരിഴക്കാണ് അപകടം ഒഴിവായത്. ഇവിടെ ഇനിയും വൻമരങ്ങൾ ഉണങ്ങി ഏത് സമയവും വീഴാമെന്ന നിലയിലാണ്.
മരങ്ങൾ മുറിച്ച് നീക്കണമെന്ന് പ്രദേശവാസികൾ പല തവണ പരാതി നൽകിയിട്ടും ബന്ധപ്പെട്ട അധികൃതർ ദുരന്തത്തിനായി കാത്തിരിക്കുകയാണെന്നാണ് ആക്ഷേപം. ഗോപി, ടി.ദേവൻ, അക്കി, ദാവൂദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. വൈദ്യുതി ലൈനുകളും പൊട്ടിവീണിരുന്നു. ഉടൻ സമീപവാസിയായ ഗോപി മുടപ്പല്ലുർ സെക്ഷൻ ഓഫീസിലേക്ക് വിളിച്ച് പറഞ്ഞു് ലൈൻ ഓഫാക്കിയതും അപായമൊഴിവാക്കാൻ സഹായകമായി.
ചിറ്റടിക്കും ഒടുകൂരിനും ഇടയ്ക്കും മരം വീണു. ഫയർഫോഴ്സ് എത്തിയാണ് ഇവിടുത്തെ മരം മുറിച്ച് നീക്കിയത്. മലയോര മേഖലയിലും ശക്തമായ കാറ്റിലും മഴയിലും വലിയ വിളനാശം ഉണ്ടാക്കുന്നുണ്ട്. വൈദ്യുതി കന്പികൾ പൊട്ടി വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.