മണ്ണാർക്കാട്: ശക്തമായ മഴയെ തുടർന്ന് മണ്ണാർക്കാട്ടെ പ്രധാന പുഴയായ കുന്തിപ്പുഴ കരകവിഞ്ഞു. ഇന്നലെ രാവിലെ മുതലാണ് ശക്തമായ മലവെള്ളപ്പാച്ചിൽ കുന്തിപ്പുഴയിൽ ഉണ്ടായത്. നെല്ലിപ്പുഴയിലും ശക്തമായി വെള്ളം കയറിയിട്ടുണ്ട് . കുമരംപുത്തൂർ പഞ്ചായത്തിലെ പയ്യനെടം തരിശ് ഭാഗത്ത് പുഴ കരകവിഞ്ഞൊഴുകുകയാണ്. എട്ട് കുടുംബങ്ങൾ ഇവിടെ ഒറ്റപ്പെട്ടു.
ഒരു വീട് പൂർണ്ണമായും ഒറ്റപ്പെട്ടു. പയ്യനെടം വെള്ളപ്പാടം തരിശ് ഭാഗത്ത് പുഴ കരകവിഞ്ഞൊഴുകുന്നത്. ബുധനാഴ്ച്ച പുലർച്ചെ മുതലുണ്ടായ ശക്തമായ മഴയിലാണ് വെള്ളം കരകവിഞ്ഞൊഴുകിയത്. കുന്തി പുഴയുടെ സംരക്ഷണ ഭിത്തി തകർന്നാണ് വെള്ളം സ്വകാര്യ ഭൂമിയിലേക്ക് പ്രവേശിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ തരിശ് തത്തേങ്ങലം ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ ഭൂമികൾ ഇടിഞ്ഞ് പോയിരുന്നു.
സമീപത്തെ വീടുകൾക്ക് സുരക്ഷയൊരുക്കുന്നതിനായി ഈ ഭാഗത്ത് സുരക്ഷ ഭിത്തി നിർമ്മിക്കണമെന്ന് അന്ന് നാട്ടുകാർ ആവശ്യപ്പെട്ടതാണ്. ഒരു വർഷം പൂർത്തിയായിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇതാണ് ഇപ്പോൾ കൂടുതൽ ഭീഷണിയായിട്ടുള്ളത്. പുഴയിൽ നിന്നും 100 മീറ്റർ അടുത്താണ് വീടുകൾ സ്ഥിതിചെയ്യുന്നത്. തേക്കിലക്കാട്ടിൽ സൈമണിന്റെ വീട് ഈ വർഷവും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
കഴിഞ്ഞ വർഷം വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽ നിന്നും അഗ്നിശമനസേനയെത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. അപകടം മുന്നിൽകണ്ട സൈമണ് ഇപ്പോൾ സമീപത്ത് വാടകയ്ക്ക് വീടെടുത്താണ് താമസിക്കുന്നത്. 8 തെങ്ങുകളും 1 വാകമരവും കടപുഴകിവീണു. പുഴയിൽ ഇപ്പോഴും വെള്ളം കലങ്ങിമറിഞ്ഞാണ് വരുന്നത്. വലിയജലപ്രവാഹമുണ്ടായാൽ തരിശ് പ്രദേശം അപ്രത്യക്ഷാകുമെന്ന് നാട്ടുകാർ പറയുന്നു.