പാലക്കാട്: ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. ശക്തി കുറഞ്ഞെങ്കിലും മഴ വിട്ടുമാറിയിട്ടില്ല. വെള്ളം കയറിയ ഭാഗങ്ങളിൽനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. വീടൊഴിഞ്ഞുപോയ താമസക്കാർക്ക് തിരിച്ചെത്താനുള്ള സ്ഥിതി ആയിട്ടില്ല. മലയോരമേഖലകളിലെല്ലാം ആശങ്ക നിലനില്ക്കുകയാണ്. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. പലയിടത്തും മണ്ണിടിഞ്ഞ് അപകടകരമായ നിലയിൽ തുടരുകയാണ്. വെള്ളപ്പാച്ചിലും ശക്തമാണ്.
പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ പലയിടങ്ങളിലും ഗതാഗതതടസമുണ്ട്. അതിനാൽ ബസുകൾ കുറഞ്ഞ തോതിലാണ് സർവീസ് നടത്തുന്നത്. ട്രെയിൻ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. മലന്പുഴ ഡാം നിലവിൽ തുറക്കാനുള്ള അവസ്ഥയില്ല. 110 മീറ്ററാണ് ഇന്നു രാവിലത്തെ ജലനിരപ്പ്. 112 മീറ്ററായാലേ തുറക്കൂ. അതിനാൽ ഭീതിപ്പെടേണ്ട സാഹചര്യമില്ല. ജില്ലയിലെ മറ്റു ഡാമുകളെല്ലാം നിറഞ്ഞിട്ടുണ്ട്.
ജില്ലയിൽ 69 ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 4842 പേരാണ് ഈ ക്യാന്പുകളിലുള്ളത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അട്ടപ്പാടി ഇപ്പോഴും പുറംലോകവുമായി ബന്ധമില്ലാത്ത നിലയിലാണ്.