സി. അനിൽകുമാർ
പാലക്കാട്: കനത്തമഴയിലെ പ്രളയത്തിലും ഉരുൾപൊട്ടലിലും തകർന്നടിഞ്ഞ് പാലക്കാടൻ മലയോരമേഖലകൾ. നഷ്ടങ്ങളുടെ കണക്കെടുത്താൽ കോടികൾവരും. അതും പൂർണമായും തിട്ടപ്പെടുത്തിയിട്ടില്ല. ഒലിച്ചുപോയും മണ്ണുമൂടിയും കൃഷിയിടങ്ങൾ, തകർന്ന വീടുകൾ, വിണ്ടുകീറിയും മണ്ണും കല്ലുമടിഞ്ഞ റോഡുകൾ, പൊട്ടിപോയ പാലങ്ങൾ, കരകവിഞ്ഞൊഴുകി വെള്ളംകയറിയ വീടുകൾ, ഒറ്റപ്പെട്ട തുരുത്തുകൾ, വൈദ്യുതി തൂണുകൾ ഒടിഞ്ഞും കന്പികൾക്കുമുകളിൽ മരങ്ങൾപൊട്ടിവീണും അന്ധകാരത്തിലായ മേഖലകൾ, പ്രളയത്തിൽ തകർന്ന ഗോത്രജീവിതങ്ങൾ, എല്ലാമുപേക്ഷിച്ച് ദുരിതാശ്വാസ ക്യാന്പുകളിൽ നഷ്ട സ്വപ്നങ്ങളുമായി കഴിയുന്നവർ, ആശ്വാസവും സേവനസന്നദ്ധപ്രവർത്തനങ്ങളുമായി ഇടയ്ക്കിടെ എത്തുന്നവർ.
പാടെ നിലച്ചുപോയ ഗതാഗതം, ഭീതികളുടെ മുനന്പുകൾതാണ്ടി ചിലയിടങ്ങളിൽ ഇടയ്ക്കിടെ കടന്നെത്തുന്ന കെ എസ് ആർ ടി സി ബസുകൾ. തകർന്ന പാലക്കാട് ജില്ലയിലെ പ്രളയചിത്രത്തെ വളരെ ചുരുക്കി ഇങ്ങനെമാത്രം വിശേഷിപ്പിക്കാം.കഴിഞ്ഞ ആഴ്ചയാണ് ദുരിതം പേമാരിയായും ഉരുൾപൊട്ടലായും മണ്ണിലേക്കിറങ്ങിയത്.
ഉരുൾപൊട്ടലിൽ വിറച്ച്
മലയോരമേഖലകളിലാണ് കൂടുതൽ നാശനഷ്ടം.ഒരായുസുകൊണ്ട് കെട്ടിപ്പടുത്തതെല്ലാം തകർന്നടിഞ്ഞു. മണ്ണാർക്കാട് താലൂക്കിലാണ് കൂടുതലും. പാലക്കയം വട്ടപ്പാറ, അച്ചിലട്ടി, തരിപ്പപതി,പായിപ്പുല്ല്, വഴിക്കടവ്, പുതുക്കാട,് ഇരുന്പകച്ചോല, പൂഞ്ചോല എന്നിവിടങ്ങളിലായി പതിനഞ്ചോളം ഭാഗങ്ങളിൽ ഉരുൾപൊട്ടി. ഏക്കർക്കണക്കിന് കൃഷികൾ നശിച്ചു.
വീടുകളും റോഡുകളും തകർന്നു. വട്ടപ്പാറയിൽ ഭൂചലനത്തിൽ റോഡും തകർന്നു. കാഞ്ഞിരപ്പുഴയിൽമാത്രം ഒന്നേകാൽകോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. സമീപ പ്രദേശമായ കല്ലടിക്കോടൻ മലയിൽ പത്തോളം ഉരുൾപൊട്ടലുണ്ടായി. ആനക്കല്ല്-പാലക്കയം റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി.അന്പതോളം കുടുംബങ്ങൾ കുടിവെള്ളമില്ലാതെ ദുരിതത്തിലാണ്.
പ്രധാന കാർഷിക മേഖലയായ വടക്കഞ്ചേരിയിലെ മംഗലംഡാം പ്രദേശത്ത് വ്യാപകമായി ഉരുൾപൊട്ടി. വൻനാശഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. കടപ്പാറ, ഓടംതോട് എന്നിവിടങ്ങളിലാണ് അഞ്ചിലധികം ഉരുൾപൊട്ടലുണ്ടായത്. ഓടംതോട്ടിൽമാത്രം 15 ഏക്കറിലെ കൃഷികളാണ് നശിച്ചത്. നിരവധി കുടുംബങ്ങൾ മറ്റുമലയോരപ്രദേശങ്ങളിലേതുപോലെ ക്യാന്പുകളിലാണ്.
പലരും ഇനിയും ഭീതികാരണം വീടുകളിലേക്ക് മടങ്ങിയിട്ടില്ല. ജില്ലയിലെ വലിയ ആദിവാസി-കുടിയേറ്റമേഖലയായ അട്ടപ്പാടി ദിവസങ്ങളോളം ഒറ്റപ്പെട്ടു. സൈലന്റ് വാലിയിലെ കനത്തമഴയും ഉൾവനങ്ങളിലെ ഉരുൾപൊട്ടലുമൂലം ഭവാനിപ്പുഴ കരകവിഞ്ഞ് ഉൗരുകളെല്ലാം ഒറ്റപ്പെട്ടു. മണ്ണിടിച്ചിലിലും മഴയിലും കൃഷിയിടങ്ങൾ തകർന്നടിഞ്ഞു.
വീടിനുമുകളിൽ മരം വീണ് ഒരാൾ മരിച്ചു. വെള്ളംപൊങ്ങി വീട് ഒറ്റപ്പെട്ടുപോയ ഗർഭിണിയേയും ഒന്നരവയസുള്ള മകളേയുമടക്കം ഒരു കുടുംബത്തിലെ നാലുപേരെ റോപ് വേ വഴി സാഹസികമായി സേനാംഗങ്ങൾ രക്ഷപ്പെടുത്തിയതും കേരളം കണ്ടു.പ്രധാന കുടിയേറ്റമേഖലകളായ ജെല്ലിപ്പാ, കാരറ, മുണ്ടൻപാറ, കള്ളമല പ്രദേശങ്ങളിലും വ്യാപക കൃഷിനാശം സംഭവിച്ചു. വീടുകളും റോഡുകളും വ്യാപകമായി തകർന്നു.
കൃഷിനാശം 36 കോടിയോളം
നാലുദിവസംപെയ്ത കനത്ത മഴയിലും ഉരുൾപൊട്ടലിലും വൻകൃഷിനാശം രേഖപ്പെടുത്തി. ആലപ്പുഴ ജില്ലയ്ക്കുപുറമെ പാലക്കാടും നെൽകൃഷിനാശം കൂടുതലുണ്ടായി.10761 ഹെക്ടറിലെ കൃഷിനാശമാണ് പ്രാഥമികമായി രേഖപ്പെടുത്തിയിട്ടുള്ളത്. 8486 കർഷകർക്കാണ് കൃഷിനാശം നേരിട്ടത്. 35. 4 കോടിയുടെ നാശനഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നേന്ത്രവാഴ, തങ്ങ്, കമുക്, പച്ചക്കറി, കുരുമുളക്, നെല്ല്, ഇഞ്ചി, കൊക്കോ, നിലക്കടല തുടങ്ങിയ വിളകളാണ് വ്യാപകമായി നശിച്ചത്. നൂറിലധികം ഹെക്ടറിലെ വാഴകൃഷിയാണ് നശിച്ചത്. അഞ്ഞൂറിലധികം ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചതിൽപ്പെടുന്നു.