പാലക്കാട്: പാലക്കാട് ഉൾപ്പെടെ നാല് ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മഞ്ഞ അലർട്ട് തുടരുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിഭാഗം അറിയിച്ചു. ജില്ലയിൽ സെപ്തംബർ 24 മുതൽ മഞ്ഞ അലർട്ട് നിലനിൽക്കുന്നുണ്ട്.
64.4 മില്ലി മീറ്റർ മുതൽ 124.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ശക്തമായ മഴയുടെ സാധ്യത മുൻനിർത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പൊലീസ്, റവന്യു വകുപ്പുകളുടെ 24മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം തുറക്കാൻ നിർദ്ദേശമുണ്ട്.
ആവശ്യമെങ്കിൽ താൽക്കാലിക താമസസൗകര്യം ഒരുക്കാനും ക്വാറികളിൽ സ്്ഫോടനം നടത്തുന്നത് പരിശോധനയ്ക്ക് വിധേയമാക്കി തടയാനും നിർദ്ദേശമുണ്ട്. മഴ കഴിഞ്ഞുളള 24 മണിക്കൂർ വരെ ക്വാറിയുടെ പ്രവർത്തനം നിയന്ത്രിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്താനായി ക്രെയിൻ, മണ്ണ്മാന്തി എന്നിവ തയ്യാറാക്കി നിർത്താൻ ഗതാഗത വിഭാഗത്തിനു നിർദ്ദേശമുണ്ട്.
പൊതുമരാമത്ത് വകുപ്പും കഐസ്ഇബിയും അത്യാവശ്യ ഘട്ടത്തിൽ പ്രശ്ന പരിഹാരങ്ങൾക്കായി ടീമിനെ തയ്യാറാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. മഴ സമയത്ത് വിനോദ സഞ്ചാരികൾ വെള്ളത്തിൽ ഇറങ്ങുന്നതിൽ വിലക്കുണ്ട്.മേഘാവൃതമായ ആകാശവും മഴ 150 മില്ലി മീറ്റിനു മുകളിൽ തുടരുന്ന സാഹചര്യത്തിലും ഉരുൾപൊട്ടൽ, മണ്ണിടിച്ചൽ എന്നിവ ഉണ്ടായ മേഖലയിലുള്ളവർ അപകടസാധ്യത മുന്നിൽ കാണണമെന്ന് മുണ്ടൂർ ഐആർടിസി അധികൃതർ അറിയിച്ചു.
നിലവിൽ മലന്പുഴ ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും മഴ ശക്തമായാൽ 30 സെന്റിമീറ്റർ വരെ ഡാം സ്പിൽവേ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ എം. പത്മകുമാർ അറിയിച്ചു.