കല്ലടിക്കോട്: കനത്തമഴയിൽ മലയോര മേഖല ഉരുൾപൊട്ടൽ ഭീതിയിലായി. മഴയ തുടർന്നു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. പാലക്കയത്ത് ഇരുപ്രദേശങ്ങളിലും വെള്ളം കയറി.
റോഡിലൂടെ ഒഴുകുന്ന വെള്ളം സമീപത്തെ കടകളിലേയ്ക്ക് കയറിയത് കച്ചവടക്കാരിലും ആശങ്കപരത്തി. പലക്കയംറേഷൻകടയുടെ വരാന്തയിൽ വെള്ളംകയറി. ഇരുന്പാമുട്ടി വഴിക്കടവിൽ ചപ്പാത്തുകൾ മൂടി വെള്ളം ഒഴുകിയതോടെ പലരും വീടെത്താനാകാതെ വഴിയിൽ കുടുങ്ങി.
ചീനിക്കപ്പാറയിലും മുന്നാംതോട്ടിലും അച്ചിലട്ടിയിലും ചപ്പാത്ത് പാലങ്ങൾ വെള്ളത്തിനടിയിലായി. മീൻവല്ലം പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ സമീപത്തെ കൃഷികൾ വെള്ളത്തിലായി. പാങ്ങ്, പറക്കലടി, ചെറുമല, കരിമ, മുണ്ടനാട്, അച്ചിലട്ടി, വട്ടപ്പാറ എന്നിവിടങ്ങളിലും വെള്ളംകയറി.
കല്ലടിക്കോടൻ മലയിൽ ശക്തമായി പെയ്യുന്ന മഴമൂലം വനത്തിനിള്ളിൽ ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യത ഏറെയാണ്. വേലിക്കാട് പുഴ, തുപ്പനട് പുഴ, പൊന്നംകോട് തോട്, സത്രംകാവ് തോട്, കോണിക്കഴി പുഴ, ചൂരിയോട് പുഴ എന്നിവയെല്ലം കരകവിഞ്ഞൊഴുകി. പുതുക്കാട്- പൂഴിക്കുന്നം റോഡ് മണ്ണിടിഞ്ഞു താഴ്ന്നു.
നാലുകൊല്ലം മുന്‍പുണ്ടായ മണ്ണിടിച്ചിലിന്റെ ഭീതി വിട്ടൊഴിയുന്നതിനിടെയാണ് കനത്ത മഴ തുടരുന്നത്.