പത്തനംതിട്ട: രാത്രി മുഴുവൻ നീണ്ട മഴയിൽ ജില്ലയിൽ കനത്ത നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തോടുകൾ കരകവിഞ്ഞ് വെള്ളം റോഡുകളിലും കടകളിലും കയറി.
അപ്രതീക്ഷിതമായ മഴക്കെടുതിയിൽ പലയിടത്തും നാശനഷ്ടങ്ങളേറി.മല്ലപ്പള്ളി, ചുങ്കപ്പാറ, റാന്നി, അയിരൂർ, കോഴഞ്ചേരി, നാരങ്ങാനം എന്നിവിടങ്ങളിലാണ് കൂടുതൽ മഴ പെയ്തത്.
മിക്കയിടങ്ങളിലും തോടുകൾ കരകവിഞ്ഞു. റോഡുകളിലേക്ക് വെള്ളം കയറിയതോടെ ചെറിയ വാഹനങ്ങളുടെ യാത്ര തടസപ്പെട്ടിരുന്നു.
നദികളിലെ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രാദേശികമായി ചെറുതോടുകൾ കവിഞ്ഞാണ് വെള്ളം കയറിയിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ തമിഴ്നാടിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ ഭാഗമായി ലഭിക്കുന്ന കിഴക്കൻ മഴ വൈകുന്നേരവും രാത്രിയിലുമായി പെയ്യുകയും രാവിലെയോടു കൂടി ശക്തി കുറയുകയും ചെയ്യും. രാവിലെ 6.30ഓടെ മഴ മിക്കയിടത്തും കുറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ രാത്രി ലഭിച്ച മഴയുടെ അളവ്
വാഴക്കുന്നം- 139 മില്ലിമീറ്റർ, കുന്നന്താനം -124, റാന്നി – 104, കോന്നി – 77, സീതത്തോട് – 73, ഉളനാട് – 65, ളാഹ – 61, വെണ്കുറിഞ്ഞി- 45.
പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷൻ മുങ്ങി, വെട്ടിപ്രത്തും വെള്ളംകയറി
പത്തനംതിട്ട: സ്റ്റേഡിയം ജംഗ്ഷനിലെ കടകളിൽ വെള്ളം കയറി. സ്റ്റേഡിയത്തിലും വെള്ളം നിറഞ്ഞു. താഴെവെട്ടിപ്രം ഭാഗത്തും വെള്ളം കയറി.
പോലീസ് ക്വാർട്ടേഴ്സ്, എആർ ക്യാന്പ് എന്നിവിടങ്ങളുടെ പരിസരങ്ങളിൽ വെള്ളം കയറി. സ്റ്റേഡിയം ജംഗ്ഷനിലെ അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിൽ വ്യാപാരികൾക്കു വൻ നഷ്ടമുണ്ട്.
തോട് കരകവിഞ്ഞുള്ള വെള്ളവും പെയ്ത്തുനീരുമാണ് കടകളിലേക്ക് കയറിയിരിക്കുന്നത്. സമീപസ്ഥലങ്ങളിലെല്ലാം വെള്ളം കയറിക്കിടക്കുകയാണ്.
ചുങ്കപ്പാറ ടൗണ് വെള്ളത്തിൽ, വെള്ളം കടകളിലേക്ക് കയറി, വൻ നാശനഷ്ടം
ചുങ്കപ്പാറ: ടൗണും പരിസരങ്ങളും രാത്രി വെള്ളത്തിൽ മുങ്ങി. തോടുകൾ കരകവിഞ്ഞെത്തിയ വെള്ളം കടകളിലേക്കു കയറിയതിനേ തുടർന്ന് വൻ നാശനഷ്ടം ഉണ്ടായി.
കടകളിലെ സാധനങ്ങൾ പലർക്കും നഷ്ടമായി. അപ്രതീക്ഷിതമായ മഴയായിരുന്നതിനാൽ കടകളിൽ നിന്നും സാധനങ്ങൾ നീക്കാൻ കഴിഞ്ഞിരുന്നില്ല. നേരം പുലർന്നതോടെയാണ് ഏറെപ്പേരും എത്തിയത്.
അപ്പോഴേക്കും കടകളിൽ വെള്ളം നിറഞ്ഞിരുന്നു. ചുങ്കപ്പാറ ടൗണും പരിസരങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കഴിഞ്ഞവർഷവും ചുങ്കപ്പാറയിൽ ഇത്തരത്തിൽ വെള്ളം ഉയർന്ന് വൻ നഷ്ടം ഉണ്ടായിരുന്നു.
ചെങ്ങാറുമല റോഡ് മലവെള്ളപ്പാച്ചിലിൽ തകർന്നു
വായ്പൂര്: ചെറുകോൽപ്പതാൽ – ചെങ്ങാറുമല റോഡിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലിൽ നാശനഷ്ടം. റോഡിന്റെ ഭാഗങ്ങൾ കുത്തൊഴുക്കിൽ ഒലിച്ചു പോയി.ആറ്റിൽ വലിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുമില്ല.
ചെറുകോൽപ്പതാലിന് സമീപമുണ്ടായ വെള്ളപ്പാച്ചിൽ സമീപമുള്ള സ്വകാര്യ പാറമടയുടെ കുളം പൊട്ടിയതു മൂലമാണെന്ന് നാട്ടുകാർ പറയുന്നു.
വെള്ളപ്പാച്ചിലിൽ ചെങ്ങാറുമല – ചെറുകോൽപ്പതാൽ റോഡ് വശം ഇടിഞ്ഞു താഴ്ന്നു.സമീപമുള്ള തയ്യിൽ റ്റി.ജെ. വർഗീസിന്റെ വീടിന്റെ കയ്യാല ഭാഗികമായി തകർന്നു. സഹോദരൻ റ്റി.ജെ.ജോസഫിന്റെ വസ്തുവിലൂടെയുള്ള കുത്തൊഴുക്ക് ഇപ്പോഴും തുടരുകയാണ്.
വായ്പൂര് ബസ് സ്റ്റാൻഡ് ജംഗ്ഷനിലെ തോട് നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുകുകയാണ്. പാലയ്ക്കൽ ഭാഗത്തും വെള്ളം കയറി. കൈത്തോടുകളിൽ മാലിന്യം നിറയുന്നതാണ് ജലമൊഴുക്ക് തടസപ്പെടാൻ കാരണം.