തൃശൂർ: കനത്ത മഴയെ തുടർന്ന് ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടി. ഇതോടെ ജില്ലയിലെ ഡാമുകളിൽ സംഭരിക്കാവുന്ന വെള്ളത്തിന്റെ മുക്കാൽ ഭാഗവും എത്തിക്കഴിഞ്ഞു. നീരൊഴുക്കിന്റെ ശക്തിയുള്ളതിനാൽ ഡാമുകൾ അതിവേഗമാണ് നിറഞ്ഞുകൊണ്ടിരിക്കുന്നത്. തീരദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതയുണ്ടായിരിക്കണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
പീച്ചി ഡാമിലെ ജലനിരപ്പ് ഇന്നുച്ചയോടെ 77.45 മീറ്ററിലെത്തി. വൈകീട്ടോടെ ജലനിരപ്പ് കൂടും. 78 മീറ്ററിലെത്തിയാൽ ആദ്യ മുന്നറിയിപ്പു നൽകും. 78.60 മീറ്ററിലെത്തിയാൽ മൂന്നാമത്തെ മുന്നറിയിപ്പു നൽകും. 79.25 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. സംഭരണശേഷിയുടെ 74 ശതമാനത്തോളം വെള്ളം നിറഞ്ഞു കഴിഞ്ഞു. പീച്ചിയിൽ 86.4 മില്ലിമീറ്റർ മഴയാണ് പെയ്തത്. ഇപ്പോഴും മഴ തുടരുകയാണ്.
വാഴാനി ഡാമിൽ 77.10 ശതമാനം വെള്ളമാണ് നിറഞ്ഞിരിക്കുന്നത്. ചിമ്മിനി ഡാമിൽ 60.53 ശതമാനം വെള്ളമെത്തിയിട്ടുണ്ട്. ഡാമുകൾ നിറയുന്നതോടെ വെള്ളം തടഞ്ഞു നിർത്തി ഒറ്റയടിക്ക് തുറന്നു വിടുന്നത് ഒഴിവാക്കിയാൽ കൂടുതൽ ദുരിതം ഒഴിവാക്കാനാകും. കഴിഞ്ഞ വർഷം ഒറ്റയടിക്ക് പീച്ചി ഡാമിന്റെ ഷട്ടറുകൾ നിയന്ത്രണമില്ലാതെ കൂടുതൽ ഉയർത്തിയതോടെയാണ് മണലിപ്പുഴ കരകവിഞ്ഞ് വീടുകളിലേക്കും കൃഷി സ്ഥലങ്ങളിലേക്കും വെള്ളം കയറി നാശനഷ്ടമുണ്ടായത്.
പഞ്ചായത്തും ജനപ്രതിനിധികളും ഇടപെട്ട് ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നതിൽ നിയന്ത്രണം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വരുന്ന വെള്ളത്തിനനുസരിച്ച് ഷട്ടർ തുറന്നാൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് വിദഗ്ധാഭിപ്രായം.
പെരിങ്ങൽക്കുത്തിൽ ജലനിരപ്പ് ഉയരുന്നു
ചാലക്കുടി: മഴ ശക്തമായതിനെ തുടർന്ന് പെരിങ്ങൾക്കുത്ത് ഡാമിന്റെ ജലനിരപ്പ് ഉയർന്നു. 418.9 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ് അരമീറ്റർകൂടി ഉയർന്നാൽ ഷട്ടറിൽകൂടെ വെള്ളം ഒഴുകും. ഏഴ് ഷട്ടറുകളിൽക്കൂടി 14 അടി വെള്ളം പുഴയിലേക്കെത്തും. നിലവിൽ സ്ലൂയിസ് വാൽവുകളിൽകൂട്ടി 18 അടി വെള്ളം പുറത്തേക്കുവിടുന്നുണ്ട്.
മഴ തുടർന്നാൽ ചാലക്കുടി പുഴയിൽ മൂന്നടി വെള്ളം ഉയരാൻ സാധ്യതയുണ്ട്. ഷോളയാർ ഡാമിൽ 55 ശതമാനം വെള്ളമുണ്ട്. അപ്പർ ഷോളയാർ ഡാമിലെ ജലിനിരപ്പ് 95 ശതമാനമാണ്. രണ്ടുശതമാനംകൂടി ഉയർന്നാൽ ഷോളയാർ ഡാമിലേക്ക് വെള്ളം തുറന്നുവിടും. ഷോളയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയുണ്ട്.