തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള എല്ലാ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലുള്ളവര്‍ അതീവ ജാഗ്രതാ പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ തീരങ്ങളില്‍ നാളെ രാത്രി 11.30 വരെ 2.8 മുതല്‍ 3.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കന്യാകുമാരി തീരത്ത് ഇന്നു രാവിലെ 08.30 വരെ 2.9 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്തും തമിഴ്നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂരില്‍ കോളജുകള്‍ക്ക് അവധി ബാധകമല്ലെന്ന് കളക്ടർ അറിയിച്ചു. ഭൂതത്താൻകെട്ടിന്റെ 15 ഷട്ടറുകളും ഉയർത്തി.
അഞ്ചുമീറ്റർ വീതമാണ് ഉയർത്തിയത്. പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്കി.ഇടുക്കിയില്‍ ചെറുകിട അണക്കെട്ടുകളിൽ മൂന്നെണ്ണം തുറന്നു. കല്ലാർകുട്ടി, പാംപ്ല, ലോവർപെരിയാർ അണക്കെട്ടുകളാണ് തുറന്നത്.
കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്തുടനീളമുണ്ടാകുന്നത്. ആലപ്പുഴയിൽ മരം വീണ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. പൊന്നാനിയിൽ വീടുകളില്‍ വെള്ളം കയറി. എറണാകുളം പള്ളിക്കരയിൽ മുട്ടംതോട്ടിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് വ്യാപക നാശനഷ്ടമുണ്ടായി. കണ്ണൂരിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി.