റാന്നി: മഹാപ്രളയത്തിലായ വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ വിളിച്ചുചേർത്ത ബാങ്കിംഗ്, വ്യാപാര മേഖല പ്രതിനിധികളുടെ യോഗത്തിൽ ധാരണ.വായ്പ നൽകുന്നതിലെ കാലതാമസം പരമാവധി ഒഴിവാക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചതനുസരിച്ചാണ് ഇന്നലെ ലയണ്‍സ് ക്ലബ് ഹാളിൽ യോഗം നടന്നു.
നഷ്്ടം സംഭവിച്ച വ്യാപാരികൾക്ക് വൈദ്യുതി ചാർജിൽ സ്ലാബടിസ്ഥാനത്തിൽ ഇളവും നൽകുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ചർച്ചയിൽ പങ്കെടുത്ത കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രളയത്തേ തുടർന്നുള്ള വ്യാപാരിനഷ്ടം കണക്കാക്കുന്നതിന് വ്യവസായ വകുപ്പ് ബിൽഡ് കേരള എന്ന വെബ്സൈറ്റ് മുഖേന പദ്ധതി തയാറാക്കിയിട്ടുള്ളതായും നഷ്ടം കണക്കാക്കി രേഖപ്പെടുത്തുന്നതിനുള്ള പ്രക്രിയ ഉടൻ ആരംഭിക്കുമെന്നും യോഗത്തിൽ അറിയിച്ചു.
വ്യാപാരികൾക്കു നേരത്തെ വായ്പ നൽകിയിരുന്ന ബാങ്കുകൾ വാഗ്ദാനം പാലിക്കാത്തതുമൂലം ഇൻഷ്വറൻസ് കവറേജ് ലഭിക്കാത്ത സ്ഥിതിയുണ്ടെന്ന പരാതി ഉണ്ടായി. മതിയായ രേഖകളോടെ വായ്പയെടുത്ത വ്യാപാരികളെ ഇൻഷ്വറൻസ് പരിധിയിലാക്കുന്ന കാര്യം വായ്പാസമയത്ത് ബാങ്ക് അറിയിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് ബാങ്കിംഗ് ഓംബുഡ്സ്മാനു പരാതി നൽകും.
രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷത വഹിച്ചു. ലീഡ് ബാങ്ക് ജില്ലാ മാനേജർ വി. വിജയകുമാരൻ, തഹസീൽദാർ കെ.വി. രാധാകൃഷ്ണൻ നായർ, വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.