തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm യിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ .
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ഇന്ന് രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. കൊച്ചിയില്‍ മേഘവിസ്ഫോടനമുണ്ടായതായി സംശയമുണ്ട്. ഒന്നരമണിക്കൂറിനിടെ നഗരത്തില്‍ പെയ്തത് 98 മി.മീറ്റർ മഴയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് കൊച്ചി നഗരം വെള്ളക്കെട്ടിലായത്.
കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരത്ത് അടക്കം പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. നഗരത്തിന്റെ വിവിധ ഇടങ്ങളിലെ വീടുകളിൽ വെള്ളം കയറി. ആലുവ ഇടക്കാളി റോഡിലും സഹോദരന് അയ്യപ്പന് റോഡിലും വെള്ളം കയറി.കൊച്ചിയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗത കുരുക്കും രൂക്ഷമാണ്.