കോഴിക്കോട്: അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. ഇതേതുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തമാവാനുള്ള സാഖ്യത കണക്കിലെടുത്ത് മത്സ്യതൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്കി. കേരള തീരത്ത് പടിഞ്ഞാറ് /തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ആയതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നുമാണ് മുന്നറിയിപ്പ്.
10 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള മധ്യ ,തെക്ക് -പടിഞ്ഞാറ് അറബിക്കടല്‍ , ഇന്ന് പടിഞ്ഞാറ് , തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടലും , അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍ , ആന്‍ഡമാന്‍ കടല്‍ ഒന്‍പതു വരെ പടിഞ്ഞാറ് / തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ള കേരള , കര്‍ണാടക, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളിലേക്ക് മത്സ്യത്തൊഴിലാളികള്‍ പോകരുത് .
കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ കണ്ട്രോള് റൂമുകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലാണ് കണ്ട്രോള് റൂം സജ്ജമാക്കിയത്. കണ്ട്രോള് റൂം നമ്പറുകള്‍ : 0495-2372966 (കോഴിക്കോട്) 0496-2620235 (കൊയിലാണ്ടി), 0495 2223088 (താമരശേരി), 04962522361 (വടകര), കലക്ട്രേറ്റ് 1077.