തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. തിരുവനന്തപുരത്ത് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്ന അലർട്ടിൽ മാത്രമാണ് മാറ്റം വന്നിട്ടുള്ളത്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശനിയാഴ്ചത്തേക്ക് പ്രഖ്യാപിച്ച് റെഡ് അലർട്ടിൽ മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിതീവ്ര മഴയ്ക്കും കടൽക്ഷോഭത്തിനും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ന്യൂനമർദം ഇന്ന് അതിതീവ്രമാകും. ശനിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റായി മാറും.
കേരളത്തിന്റെ തീരത്ത് നിന്ന് അഞ്ചൂറ് കിലോമീറ്ററിനും ആയിരം കിലോമീറ്ററിനും ഇടയിലാണ് ഇപ്പോൾ ന്യൂനമർദ്ദം. വൈകിട്ടോടെ ന്യൂനമർദ്ദത്തിന്റെ സഞ്ചാര പാതയിൽ വ്യക്തത വരും. നിലവിലെ കണക്ക് കൂട്ടലനുസരിച്ച് ഗുജറാത്ത് തീരത്ത് കരതൊടാനാണ് സാധ്യത.
മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കളക്ടർമാരോട് സർക്കാർ നിർദേശം നൽകി. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്. കേരളത്തിനും ലക്ഷദ്വീപിനും സമീപത്ത് കൂടിയുള്ള കപ്പൽ ഗതാഗതം നിരോധിച്ചു.
കേരളം, കർണാടക, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ തുറമുഖങ്ങൾക്കും നാവിക സേന താവളങ്ങൾക്കും മൂന്നറിയിപ്പ് നൽകിയിട്ടുണ്ട്.