ചാലക്കുടി: ദേശീയപാതയിൽ മുനിസിപ്പൽ/ സിഗ്നൽ ജംഗ്ഷനിൽ തകർന്ന റോഡിലെ പാതാളക്കുഴികൾ മൂലം വൻ ഗതാഗത സ്തംഭനം. ഏതാനും ആഴ്ചകളായി റോഡിൽ വലിയ കുഴികൾ രൂപാന്തരപ്പെട്ടിട്ട്.
ഇതുമൂലം വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. ഒപ്പം സിഗ്നൽ ജംഗ്ഷൻ കൂടിയായതിനാൽ വൻ വാഹനക്കുരുക്കിനും കുഴികൾ കാരണമാകുന്നു. പോട്ട സിഗ്നൽ ജംഗ്ഷൻ മുതൽ വാഹനങ്ങൾ നിരയായി കിടക്കേണ്ട അവസ്ഥയാണ്.
കനത്ത മഴയും, കുരുക്കിനിടെ കുത്തിക്കയറി വരുന്ന വാഹനങ്ങളും കുരുക്ക് നാളാൻ കാരണമാകുന്നു.സിഗ്നൽ ജംഗ്ഷനും അടിപ്പാത നിർമാണ സ്ഥലത്തിനുമിടയ്ക്കാണ് റോഡിൽ വലിയ കുഴികളുള്ളത്.
അടിപ്പാത നിർമാണം മൂലം ഈ ഭാഗത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഗതാഗത തടസത്തിനു പുറമേ ഈ മരണക്കുഴികൾ കൂടിയായപ്പോൾ ഇതുവഴി കടന്നുപോകുന്നതു വലിയ ദുരിതമായി മാറുകയായിരുന്നു.
മഴ കനത്തതോടെ ദുരിതം ഇരട്ടിച്ചു. വാഹനങ്ങൾക്കു കടന്നുപോകാനുള്ള ബുദ്ധിമുട്ടുമൂലം സിഗ്നലിന്റെ ഇരുഭാഗത്തും വാഹനങ്ങൾ ഏറെ സമയം കാത്തുകിടക്കേണ്ട അവസ്ഥയാണ്.
കൃത്യമായി ടോൾ പിരിക്കുന്ന ദേശീയപാത അധികൃതർ ജനങ്ങളുടെ ഈ ദുരിതം കണ്ടില്ലെന്നു നടിക്കുകയാണ്. ഇതിനെതിരെ ഏറെ പ്രതിഷേധങ്ങൾ ഉയർന്നിട്ടും അധികൃതർ കണ്ണു തുറക്കുന്നില്ല.
റോഡിലെ കുഴികൾ ഓരോദിവസം പിന്നിടുംതോറും വലുതായികൊണ്ടിരിക്കുകയാണ്. റോഡിലെ കുഴികൾ മൂടാനെങ്കിലും തയാറാകാത്ത ദേശീയപാത അധികൃതർക്കെതിരേ ജനരോഷം ഉയരുന്നുണ്ട്.