ആലപ്പുഴ: മാനമൊന്ന് ഇരുണ്ടാൽ റോഡ് തോടാകും. പിന്നെ നീന്തിവേണം കാൽനട യാത്രക്കാർ ഇതുവഴി സഞ്ചരിക്കാൻ. ആലപ്പുഴ നഗരസഭയിലെ തോണ്ടൻകുളങ്ങര വാർഡിലൂടെ കടന്നുപോകുന്ന പ്രധാന റോഡായ ഇന്ദിരാ ജംഗ്ഷൻ – ത്രിവേണി റോഡിലാണ് ഈ ദു:സ്ഥിതി.
സ്കൂൾ വിദ്യാർഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് റോഡിലൂടെ ദിവസേന കടന്നുപോകുന്നത്. കാലവർഷമെത്തുന്നതിന് മുന്പുതന്നെ റോഡിന്റെ പല ഭാഗങ്ങളിലും ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയാറായിരുന്നില്ല.
മഴയെത്തിയതോടെ ഈ കുഴികളിൽ വെള്ളം നിറയുകയും ഇതോടൊപ്പം റോഡിന്റെ ഇരുവശങ്ങളിൽ നിന്നും വെള്ളം ഒഴുകിയെത്തുകയും കൂടി ചെയ്തതോടെയാണ് പലയിടങ്ങളിലും റോഡ് തോടായി മാറിയത്. റോഡിൽ നിറഞ്ഞ വെള്ളം മൂലം കുഴികളുടെ ആഴം അറിയാതെ ഇരുചക്രവാഹനയാത്രക്കാരും സൈക്കിൾയാത്രക്കാരായ വിദ്യാർഥികളും അപകടഭീഷണിയിലാണ് സഞ്ചരിക്കുന്നത്.
ആലപ്പുഴ- കൂറ്റുവേലി റോഡിനെയും തണ്ണീർമുക്കം- ആലപ്പുഴ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്പോൾ വാഹനങ്ങൾ സമാന്തരപാതയായി ഉപയോഗിക്കുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനവും നിരവധി സ്വകാര്യ സ്ഥാപനങ്ങളും റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടേക്കെത്തേണ്ടവർ റോഡിന്റെ ശോചനീയാവസ്ഥ മൂലം ബുദ്ധിമുട്ടുകയാണ്.