പൊൻകുന്നം: തുടർച്ചയായി പെയ്യുന്ന മഴയിൽ റബർ ഉൽപ്പാദനം കുറഞ്ഞു. റബർ കർഷകർ വീണ്ടും പ്രതിസന്ധിയിൽ.
സെപ്റ്റംബർ മാസത്തിൽ മാത്രമാണ് തടസമില്ലാതെ ടാപ്പിംഗ് നടന്നതെന്നും കർഷകർ പറഞ്ഞു. കാലവർഷം നിന്നതോടെ പുനരാരംഭിച്ച ടാപ്പിംഗിൽ ഉൽപ്പാദനം മെച്ചപ്പെട്ടു വരുന്നതിനിടയിൽ ടാപ്പിംഗ് മുടങ്ങിയതോടെ ചെറുകിട റബർ കർഷകരാണ് ഏറെ ബുദ്ധിമുട്ടുന്നത്.
എല്ലാ ദിവസവും വൈകുന്നേരം തുടങ്ങുന്ന മഴ രാത്രിവളരെ നീണ്ടു നിൽക്കുന്നതിനാൽ റബർ മരങ്ങൾ തോരില്ലെന്ന് കർഷകർ പറയുന്നു. റയിൻ ഡാർഡ് ചെയ്ത മരങ്ങളിൽ പോലും കനത്ത മഴയിൽ വെള്ളം റബർ പട്ടയിലേക്കു ഉൗർന്നിറങ്ങുമെന്നതിനാൽ ടാപ്പിംഗ് നടക്കുന്നില്ല. പട്ട ചീയൽ രോഗബാധ വ്യാപകമാണ്.
വായ്പയെടുത്തു റബർ മരങ്ങൾ സ്ളോട്ടർ പിടിച്ചവർക്കും മഴ കെണിയൊരുക്കി. ടാപ്പിംഗ് നടക്കാത്തതിനാൽ പലർക്കും വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ കഴിയാതെ വരുന്നതായി കർഷകർ പറയുന്നു. താലൂക്കിന്റെ മലയോര മേഖലകളിൽ 61 ശതമാനം പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന റബർ തോട്ടങ്ങളെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നത് 75ശതമാനത്തിലേറെ ആളുകളാണ്.
ഇതിനിടയിൽ റബർ വിലയിടിവു തുടരുന്നതും കർഷകർക്ക് തിരിച്ചടിയാണ്. നിലവിൽ 125 രൂപയാണ് ആർഎസ്എസ് നാല് ഷീറ്റിന് കിട്ടുന്നത്. കൃഷിച്ചെലവും ഉൽപ്പാദനച്ചെലവുമായി തട്ടിച്ചു നോക്കുന്പോൾ കിട്ടുന്ന വില തുച്ഛമാണെന്ന പക്ഷമാണ് കർഷകർക്ക്.