ചെന്നൈ: തെക്കന്‍ തമിഴ്നാട്ടിലെ പ്രളയത്തില്‍ മരണ സംഖ്യ പത്തായി ഉയര്‍ന്നു. തിരുനെൽവേലി -തിരുച്ചെന്തൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. ഈറൂട്ടിലെ 16 ട്രെയിനുകൾ റദ്ദാക്കിയിരിക്കുകയാണ്.
തിരുനെൽവേലി, തെങ്കാശി, തൂത്തുക്കൂടി എന്നീ മൂന്നു ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. കേന്ദ്രസംഘം ഇന്നും മുഖ്യമന്ത്രി സ്റ്റാലിൻ നാളെയും തൂത്തുകുടിയിലെ പ്രളയ മേഖലകൾ സന്ദർശിക്കും.
സംസ്ഥാനത്തെ പ്രളയം ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 2000 കോടി രൂപ ഉടൻ അനുവദിക്കണമെന്നും സ്റ്റാലിൻ ഇന്നലെ പ്രധാനമന്ത്രിയായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രളയത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയപോര് തുടരുകയാണ്.
പ്രളയക്കെടുതിയെക്കുറിച്ച് ഗവർണർ ആർ.എൻ. രവി ഇന്നലെ നടത്തിയ അവലോകന യോഗത്തിലേക്കു തമിഴ്നാട് സർക്കാർ പ്രതിനിധികളെ അയച്ചില്ല. ഭരണകക്ഷിയായ ഡിഎംകെയുംഗവർണർ രവിയും തമ്മിൽ നിരവധി വിഷയങ്ങളിൽ തർക്കം നിലനിൽക്കുന്നുണ്ട്.