തളിപ്പറമ്പ്: കനത്ത മഴയില്‍ വെള്ളം കയറി ഒറ്റപ്പെട്ട രണ്ട് കുടുംബങ്ങളിലെ 8 പേരെ തളിപ്പറമ്പ് അഗ്നിശമന സേന സാഹസികമായി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയിലും രാവിലെയുമായി പെയ്ത കനത്ത മഴയിലാണ് കുറുമാത്തൂര്‍ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പെടുന്ന കങ്കാണംചാല്‍ ക്ഷേത്രത്തിന് സമീപത്തെ 2 വീടുകളില്‍ വെള്ളം കയറി താമസക്കാര്‍ കുടുങ്ങിയത്.
വിവരമറിഞ്ഞ് രാവിലെ പതിനൊന്നോടെയാണ് തളിപ്പറമ്പ് അഗ്നിശമന.നിലയത്തില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ കെ.പി.ബാലകൃഷ്ണന്റെയും ലീഡിംഗ് ഫയര്മാന് കെ.വി.സഹദേവന്റെയും നേതൃത്വത്തിലുള്ള സംഘം രക്ഷാദൗത്യയുമായി എത്തിയത്. ഡിങ്കി രക്ഷാ ബോട്ട് ഉപയോഗിച്ച് 85 കാരിയായ ഇടവന്‍ ജാനകിയേയും രണ്ട് വയസുള്ള പേരക്കുട്ടി ജിന്ഷികയേയും ഉള്‍പ്പെടെ സംഘം രക്ഷപ്പെടുത്തി.
ചിറമ്മല്‍ ഭാസ്ക്കരന്‍ (58), ഭാര്യ കമല (46) ഇടവന്‍ നാരായണന് (56) ഉഷ (47) മക്കളായ അനിഷ, അനഘ എന്നിവരുള്‍പ്പെടെ 8 പേരെയാണ് ഒന്നര മണിക്കൂര്‍ നീണ്ട സാഹസിക ദൗത്യത്തില്‍ രക്ഷിച്ചത്. ഫയര്‍ മേന്മാരായ ഷാജിമോന്‍, വിനോയ്, റോബിന്, ഡ്രൈവര്‍ രജീഷ്, ഹോം ഗാര്‍ഡ് കെ.വി.നാരായണന് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കനത്ത മഴയില്‍ തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ വെള്ളം കയറി.
കുറുമാത്തൂര്‍ കടവിലും പരിസരങ്ങളിലുമായി അമ്പതിലേറെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ചവനപ്പുഴയില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട വീട്ടുകാരെ രക്ഷിക്കാന്‍ അഗ്നിശമന സേനയെത്തി.ചൊവ്വാഴ്ച്ച രാത്രിയിലും ബുധനാഴ്ച്ച പുലര്‍ച്ചെയുമായി പെയ്ത കനത്ത മഴയിലാണ് തളിപ്പറമ്പിന്റെ വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയത്. കുറുമാത്തൂര്‍ കടവ്, കീരീയാട്, ഇല്ലംവയല് എന്നീ ഭാഗങ്ങളിലെ അമ്പതോളം വീടുകളില്‍ വെള്ളം കയറി.
കുറുമാത്തൂര്‍ പുഴ കരകവിഞ്ഞൊഴുകിയതിനാല്‍ നിരവധി വീട്ടുകാര്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളം വീണ്ടും കയറുകയാണെങ്കില്‍ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കും. വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ റസാഖിന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
കൂടാതെ കുറുമാത്തൂര്‍ സൗത്ത് എഎല്‍പി സ്കൂള്‍, താജുല്‍ ഉലൂം മദ്രസ എന്നിവിടങ്ങളില്‍ വെള്ളം കയറിയതിനാല്‍ സ്വാതന്ത്ര്യ ദിനാഘോഷം മുടങ്ങി. ചവനപ്പുഴ വയലില്‍ വെള്ളം കയറി സുപ്രഭ കലാനിലയം, മദ്രസ എന്നിവ വെള്ളത്തില്‍ മുങ്ങി. തൊട്ടടുത്ത നൂര്‍ ജുമാമസ്ജിദിലും വെള്ളം കയറി. പൂമംഗലം തോട് കരകവിഞ്ഞൊഴുകി പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. നിരവധി കാര്‍ഷിക വിളകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.