തിരുവില്വാമല: നെൽവയലുകൾ നികത്തിയതും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തിയുള്ള നിർമ്മാണ പ്രവർത്തനങ്ങളുമാണ് ചീരക്കുഴിയിൽ വില്വാമലഗ്രാമത്തെയും പരിസര പ്രദേശത്തെയും പ്രളയത്തിൽ മുക്കിയത്. തിരുവില്വാമല – തൃശൂർ സംസ്ഥാന പാതയോരത്ത് ചീരക്കുഴിയിൽ പ്രളയത്തിൽ മുങ്ങിയ 20ഓളം വീടുകൾ നെൽപ്പാടങ്ങൾ നികത്തി നിർമിച്ചതാണ്.
അതുപോലെ പഴയന്നൂർ ബസ് സ്റ്റാൻഡ് പരിസരവും ടൗണും മുങ്ങാനുള്ള കാരണവും മറ്റൊന്നല്ല. സമീപത്തെ കലുങ്കുകളും വെള്ളച്ചാലുകളും അടച്ചാണ് നിർമാണങ്ങൾ നടത്തിയിട്ടുള്ളതെന്ന് നാട്ടുകാർ പറയുന്നു. തിരുവില്വാമലയിൽ കുറുമങ്ങാട്ട്, കിണറ്റിൻകര, അപ്പേക്കാട്ട് പാടശേഖരങ്ങളിൽ കൃഷിനാശത്തിന്റെ കാരണങ്ങളിലെ പകവത്ത് റോഡിന്റെ അശാസ്ത്രീയ നിർമാണമാണ്.
പകവത്ത് നീർത്തട പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. കുറുമങ്ങാട്ട് പാടശേഖരത്തിനു സമീപം തോട്ടുവരന്പിനെ സംരക്ഷിച്ചിരുന്ന കൈതക്കൂട്ടം പിഴുതുമാറ്റിയതാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ജെസിബി ഉപയോഗിച്ച് പിഴുതെടുത്ത കൈതക്കൂട്ടം തോട്ടിൽ തന്നെ നിക്ഷേപിക്കുകയായിരുന്നു. ഇത് സാധാരണ ഒഴുക്കിനെ തടസപ്പെടുത്തി. തോട്ടുവരന്പുകൾ പൊട്ടാനും കതിരായ നെൽകൃഷി നശിക്കാനും ഇതു കാരണമായി.
പാടത്തെ വെള്ളം തോട്ടിലേക്ക് ഒഴുകുന്നതിനു പകരം തോട്ടിലെ വെള്ളം പാടത്തേക്ക് ഒഴുകുന്ന സ്ഥിതിയായി. 60 ഏക്കറോളം സ്ഥലത്ത് പരന്നുകിടക്കുനന കുറുമങ്ങാട്ട് പാടശേഖരം സംസ്ഥാനത്ത് വിത്തുൽപ്പാദനം നടത്തുന്ന പാടശേഖരങ്ങളിലൊന്നാണ്. ഇതിനു താഴത്തെ പാടശേഖരങ്ങളായ കിണറ്റിൻകര, അപ്പേക്കാട്ട് പാടശേഖരങ്ങളും മഴ കുറഞ്ഞിട്ടും വെള്ളം ഒഴിഞ്ഞുപോകാത്ത അവസ്ഥയിലാണ്.
തിരുവില്വാമല ടൗണിനു സമീപം ചെന്പക്കുളത്തിൽ ചപ്പുചവറുകൾ വന്നടിഞ്ഞ് ഉപയോഗശൂന്യമായി. വെള്ളം ഒഴിഞ്ഞുപോകാൻ സ്ഥലമില്ലാതെ മലവെള്ളത്തോടൊപ്പം റോഡിലെ കാനയിലെ വെള്ളവും കുളത്തിലേക്കാണ് വന്നുപതിക്കുന്നത്. ടൗണ് പരിസരത്തെ നിരവധി ആളുകളുടെ ആശ്രയമായ കുളമാണ് ഇതുമൂലം നശിക്കുന്നത്.
മുന്പൊക്കെ ദിവസങ്ങളോളം മഴ പെയ്താലും വെള്ളം ഒഴിഞ്ഞുപോയിരുന്ന പാടശേഖരങ്ങളും തോടുമാണ് ഇന്നു രണ്ടുദിവസത്തെ മഴക്കുതന്നെ മുങ്ങിയത്. വെൽവയലുകൾ നികത്തിയുള്ള അനധികൃത നിർമാണം തടയാനായില്ലെങ്കിൽ വരും വർഷങ്ങളിൽ പ്രളയത്തിന്റെ തീവ്രത ഭീകരമായേക്കും.