തൃശൂർ: ജില്ലയിൽ കനത്ത മഴയെതുടർന്ന് തോട്ടിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു.ഞായറാഴ്ച മാള കരിങ്ങോൾച്ചിറ തോട്ടിൽ ഒഴുക്കിൽപ്പെട്ട് പുത്തൻചിറ തോർക്കയിൽ വീട്ടിൽ വിഷ്ണു (19) ആണ് മരിച്ചത്. മാല്യങ്കര എസ്എൻഎം കോളജ് വിദ്യാർത്ഥിയാണ്.
മാള - കൊടുങ്ങല്ലൂർ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് കാണാതായി ഒരു മണിക്കൂറിനകം മൃതദേഹം കണ്ടെത്തിയത്. കനത്ത മഴയിൽ രണ്ട് വീടുകൾ തകർന്നു. തൃശൂർ താലൂക്കിൽ കൊഴുക്കുള്ളി കുന്നത്ത് രവീന്ദ്രന്റെ ഓട് മേഞ്ഞ വീട് മഴയിൽ പൂർണമായും തകർന്നു.
ചാവക്കാട് താലൂക്കിൽ തൈക്കാട് പാലുവായിൽ രായംമരക്കാർ വീട്ടിൽ അബ്ദുൾ നൗഷാദിന്റെ വീട് ഭാഗികമായി തകർന്നു. ആകെ 2,25000 രൂപയുടെ നാശനഷ്ടമാണ് രണ്ടു വീടുകൾക്കുമായി കണക്കാക്കിയിട്ടുള്ളത്. കാലവർഷക്കെടുതിയെ തുടർന്ന് കെഎസ്ഇബിക്ക് 96,450 രൂപയുടെ നഷ്ടവും കണക്കാക്കിയിട്ടുണ്ട്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനുള്ള കണക്കുപ്രകാരം ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനകം 46.51 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പുതുതായി ആരംഭിച്ച രണ്ട് ക്യാന്പുകൾ ഉൾപ്പെടെ ആകെ ഏഴു ദുരിതാശ്വാസക്യാന്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. നിലവിൽ 26 കുടുംബങ്ങൽനിന്നായി 90 അംഗങ്ങളാണ് ക്യാന്പുകളിൽ കഴിയുന്നത്.
നിലവിൽ ജില്ലയിൽ ഡാമുകളുടെ ജല നിരപ്പ് രാവിലെ പത്തിനെടുത്ത കണക്കുപ്രകാരം പീച്ചി- 66.62, ചിമ്മിനി – 56.24, വാഴാനി – 49.97, പെരിങ്ങൽക്കുത്ത് -420.10, ഷോളയാർ – 2663 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജലനിരപ്പ് ക്രമീകരിക്കാനായി പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന് ശനിയാഴ്ച മുതൽ ജലം ചാലക്കുടിപ്പുഴയിലേക്കു തുറന്നുവിടുന്നുണ്ട്.