തൃശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. ഇന്നു പുലർച്ചെ രണ്ടരയോടെ വീശിയ അതിശക്തമായ കാറ്റിൽ തൃശൂർ നഗരത്തിലും സമീപപ്രദേശങ്ങളിലും വൻമരങ്ങളടക്കം കടപുഴകി വീണ് ഗതാഗതം തടസപ്പെടുകയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
പുതൂർക്കര, പുല്ലഴി, അയ്യന്തോൾ, പൂങ്കുന്നം എന്നിവിടങ്ങളിൽ മരങ്ങൾ വീണു. ചെറുതും വലുതുമായ മരങ്ങൾ വീടുകളുടെ മുകളിലേക്കും റോഡുകളിലേക്കും വൈദ്യുതി പോസ്റ്റിനു മുകളിലേക്കുമാണ് മറിഞ്ഞു വീണത്. നാശനഷ്ടങ്ങളുണ്ടെങ്കിലും ആളപായങ്ങളില്ല. പൂങ്കുന്നം എ.കെ.ജി.നഗറിൽ വീടിനു മേൽക്കൂരയിലെ ഷീറ്റ് പറന്ന് നൂറ്റന്പതോളം മീറ്ററോളം മാറി മറ്റൊരു വീടിന്റെ ടെറസിലെ വാട്ടർ ടാങ്കിനു മുകളിൽ ചെന്നുവീണ ടാങ്ക് തകർന്നു.
മറ്റൊരു വീടിന്റെ ഓടുകൾ പറന്നുപോയി. വീടിനകത്ത് കിടന്നുറങ്ങിയവർ പുറത്തേക്ക് ഇറങ്ങിയോടി. പുതൂർക്കരയിൽ ശ്രീസുബ്രഹ്മണ്യ ക്ഷേത്രത്തിലെ വർഷങ്ങൾ പഴക്കമുള്ള ആൽമരം കടപുഴകി വീണ് മതിൽ തകർന്നു. പുതൂർക്കര ദേശീയ വായനശാലയുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി.
അയ്യന്തോൾ-പൂങ്കുന്നം മേഖലയിൽ വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാനിലും കൂർക്കഞ്ചേരിക്കടുത്ത് വലിയാലുക്കലിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. ശക്തൻ സ്റ്റാൻഡ്, മുണ്ടൂർ-കൊട്ടേക്കാട് റോഡ്, പൂത്തോൾ പാസ്പോർട്ട് ഓഫീസിന് സമീപം എന്നിവിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.
ചാലക്കുടി മേഖലയിൽകനത്ത മഴയെത്തുടർന്ന് ചാലക്കുടി പുഴയിലെ ജലവിതാനം ഉയർന്നു. ശക്തമായ മഴയെത്തുടർന്ന് പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞുകവിഞ്ഞ് ഒഴുകിത്തുടങ്ങി. ഇതിനെത്തുടർന്ന് ഡാമിന്റെ സ്ലൂവിസ് വാൽവ് ഇന്ന് തുറക്കും. എന്നാൽ, പ്രളയഭീതി വേണ്ടെന്ന് അധികൃതർ അറിയിച്ചു. ചാലക്കുടി പരിസരങ്ങളിൽ ഇന്നലെ രാത്രിമുതൽ പെയ്ത കനത്ത മഴ ഒട്ടേറെ നാശങ്ങൾ വിതച്ചു.
ഇന്നുപുലർച്ചെ പരിയാരത്തുണ്ടായ ചുഴലിക്കാറ്റിൽ ഇന്ദിര എന്ന വീട്ടമ്മയുടെ വീടിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അതിരപ്പിള്ളി ടിക്കറ്റ് കൗണ്ടറിനു സമീപവും വാഴച്ചാൽ ചെക്ക് പോസ്റ്റിനു സമീപവും വൻമരങ്ങൾ കടപുഴകിവീണ് റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വനപാലകരും വനസംരക്ഷണസമിതിയും ചേർന്ന് മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമിച്ചുവരികയാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകയാണ്. ചാർപ്പ, വാഴച്ചാൽ, തുന്പൂർമുഴിയും വൻ ജലപ്രവാഹമാണ്.
ചായ്പ്പൻകുഴിയിൽ ഇന്നുരാവിലെയുണ്ടായ ശക്തമായ കാറ്റിൽ വൻനാശനഷ്ടങ്ങളുണ്ടായി. മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിൽവീണ് നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണിട്ടുണ്ട്. മരങ്ങൾ റോഡിൽവീണ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വൈദ്യുതിവിതരണം പാടെ സ്തംഭിച്ചു. നാട്ടുകാർ റോഡിൽനിന്ന് മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമിച്ചുവരികയാണ്. രാവിലെ എട്ടോടെയാണ് ശക്തിയായ കാറ്റും മഴയും ഉണ്ടായത് .
പുതുക്കാട് മേഖലയിൽമഴ കനത്തതോടെ മേഖലയിൽ ശക്തമായ വ്യാപക നാശനഷ്ടം. അഞ്ച് വീടുകൾ തകർന്നു. കാർഷിക വിളകൾ നശിച്ചു. വരാക്കര കാളക്കല്ല് കൊളത്തിപ്പറന്പിൽ മല്ലികയുടെ വീടിന്റെ മേൽക്കൂര കനത്ത കാറ്റിൽ പറന്ന് പോയി. കാളക്കല്ല് വട്ടപ്പറന്പിൽ വിജയന്റെ വീടിന് മുകളിൽ തേക്ക് വീണു. ചെങ്ങാലൂർ പള്ളിക്ക് സമീപം തെക്കുംപീടിക ദേവസ്സി മകൻ ജോയിയുടെ വീടിനു മുകളിലേയ്ക്ക് തേക്ക് മറിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു.
പുതുക്കാട് വളഞ്ഞൂപ്പാടം അരണയ്ക്കൽ രവിയുടെ വീടിന് മുകളിലേയ്ക്ക് തേക്ക് മറിഞ്ഞ് വീണ് വീടിന് മുകളിൽ സ്ഥാപിച്ചിരുന്ന ട്രസ്സിനും വീടിനും കേടുപാടുകൾ സംഭവിച്ചു. വരന്തരപ്പിള്ളി കരയാംപാടം മഞ്ഞളി ചാക്കുണ്ണിയുടെ വീടിന് മുകളിലേയ്ക്ക് മാവ് കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. കാളക്കല്ല് തോട്ടാൻ ബേബിയുടെ മോട്ടോർ ഷെഡിന്റെയും, ആന ഷെഡ്ഡിന്റെയും മേൽക്കൂരകൾ കാറ്റിൽ പറന്നു പോയി.
നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി ബന്ധം താറുമാറായി. ചെങ്ങാലൂർ മേഖലയിലാണ് ഏറ്റവും കൂടുതൽ പോസ്റ്റുകൾ ഒടിഞ്ഞിട്ടുള്ളത്. ഉറാംകുളം, മാട്ടുമല, കുണ്ടുകടവ്, ശാന്തിനഗർ, ഭരത, വരാക്കര കാളക്കല്ല് എന്നിവിടങ്ങളിലാണ് പോസ്റ്റുകൾ ഒടിഞ്ഞിട്ടുള്ളത്.
വെള്ളിയാഴ്ചയോടുകൂടിയേ വൈദ്യുതി ബന്ധം പൂർണ്ണമായി പുനഃസ്ഥാപിക്കാൻ കഴിയൂ എന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ചെങ്ങാലൂർ മേഖലയിൽ കണക്കാക്കുന്നത്.
വെള്ളാങ്കല്ലൂരിൽ
കൽപറന്പ് ഭാഗത്ത് ശക്തമായ കാറ്റും മഴയിലും മരങ്ങളും ഇലക്ടിക്ക് പോസ്റ്റുകളും ഒടിഞ്ഞു നാശനഷ്ടങ്ങൾ ഉണ്ടായിയിട്ടുണ്ട്. വെള്ളാങ്കല്ലൂർ ഭാഗത്ത് വൈദുതി വിതരണം തടസപ്പെട്ടിരിക്കുകയാണ് വെള്ളാങ്കല്ലൂർ മതിലകം റോഡിൽ കനത്ത കാറ്റിൽ മരം വീണ് ഗതാഗതം മുടങ്ങി, ഫയർ ഫോഴ്സ് വന്ന് മരം മുറിച്ചുമാറ്റി ഗതാഗതം തടസം നീക്കി.
തൃശൂർ കൊടുങ്ങല്ലൂർ പാതയിൽ വെള്ളാങ്കല്ലൂർ സെന്ററിൽ മരം വീണു ഗതാഗതം തടസപ്പെട്ടു. മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. രണ്ടു സ്ഥലത്തും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചില്ല.
വട്ടേക്കാട് ആൽമരം വീണ് വീട് തകർന്നു, ഗൃഹനാഥന് പരിക്ക്
കൊടകര: കനകമല-കൊടകര റോഡിലെ വട്ടേക്കാട് സെന്ററിൽ നിന്നിരുന്ന കൂറ്റൻ ആൽമരം കാറ്റിൽ പുഴകി വീടിനു മുകളിലേക്ക് വീണ് ഗൃഹനാഥന് പരിക്കേറ്റു. വട്ടേക്കാട് മൂക്കണാംപറന്പിൽ ജോർജിന്റെ വീടിനു മുകളിലേക്കാണ് ആൽമരം വീണത്. വീട് ഭാഗികമായി തകർന്നു. ജോർജിന് പിരക്കേറ്റു. ഇയാൾ കൊടകര സ്വകാര്യ ആശുപത്രിയിൽ ചിക്തസ തേടി