തൃശൂർ: എല്ലാവർഷവും ഡാമുകൾ നിറയാൻ കാത്തിരുന്നവർ ഇപ്പോൾ പേടിയോടെയാണ് ഡാമുകളിലെ ജലനിരപ്പ് എത്രയായെന്ന് അന്വേഷിക്കുന്നത്. ഡാമുകൾ കൂടി നിറഞ്ഞാൽ വെള്ളം തുറന്നുവിടുന്നതോടെ മുങ്ങിചാകുന്ന സാഹചര്യത്തിലേക്ക് എത്തുമെന്ന ഭീതിയാണ് പലർക്കും. എന്നാൽ ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകളൊക്കെ അത്രപെട്ടന്ന് നിറയില്ലെന്നത് ആശ്വാസം നൽകുന്നു.
കഴിഞ്ഞ വർഷം ഇതേ സമയം ഡാമുകൾ നിറയുകയും മഴയോടൊപ്പം തുറന്നുവിടുകയും ചെയ്തതോടെയാണ് കാര്യങ്ങളെല്ലാം കൈവിട്ടത്. മഴവെള്ളവും ഡാമുകളിലെ വെള്ളവും കൂടിയെത്തിയതോടെ നിലയില്ലാകയത്തിലകപ്പെട്ട പോലെയായിരുന്നു ഒട്ടു മിക്ക പ്രദേശങ്ങളിലും. കൂടാതെ കൃഷി നാശവും വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവവും എല്ലാവർക്കും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. മഴവെള്ളം മാത്രമായാൽ പരമാവധി കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പീച്ചി ഡാമിൽ മുൻ വർഷത്തെ വെള്ളവുമായി താരതമ്യം ചെയ്യുന്പോൾ പകുതി വെള്ളം പോലും എത്തിയിട്ടില്ല. മഴ കൂടിയതിനാൽ നീരൊഴുക്ക് കൂടുന്നുണ്ടെങ്കിലും ഡാമിന്റെ സംഭരണശേഷി വിസ്തൃതമായതിനാൽ ജലനിരപ്പ് അത്രപെട്ടന്ന് ഉയരുന്നില്ല. 75.02 മീറ്ററാണ് ഇന്നത്തെ ജലനിരപ്പ്. 79.25 മീറ്ററിലെത്തിയാലെ ഡാം തുറക്കൂ. ഡാമിന്റെ മൊത്തം സംഭരണ ശേഷിയുടെ 50.09 ശതമാനം വെള്ളം മാത്രമാണ് പീച്ചി ഡാമിലുള്ളത്. 12 മണിക്കൂറിനുള്ളിൽ ഒരു മീറ്റർ എന്ന നിലയിലാണ് ജലനിരപ്പ് ഉയരുന്നത്.
മഴ ശക്തമായി തുടരുകയും കാട്ടിൽ നിന്ന് നീരൊഴുക്ക് കൂടുകയും ചെയ്താൽ വെള്ളം കൂടുതൽ വേഗത്തിൽ ഉയരാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ തൽക്കാലം ഡാം തുറക്കുമെന്ന ഭീതി വേണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ സമയം ഡാം നിറയുകയും 12 ഇഞ്ചിലധികം തുറന്നുവിടുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ ഡാം തുറന്നുവിടാതെ തന്നെ മണലിപ്പുഴ കരകവിഞ്ഞൊഴുകുന്നുണ്ട്. ഇതിനൊപ്പം ഡാമും കൂടി തുറക്കേണ്ടി വന്നാൽ വൻ നാശനഷ്ടമാണുണ്ടാകുക.
ചിമ്മിനി ഡാമിലും സംഭരണശേഷിയുടെ പകുതി വെള്ളം മാത്രമാണ് ഇതുവരെ ഒഴുകിയെത്തിയത്. 65 മീറ്ററാണ് ഇന്നത്തെ ജലനിരപ്പ്. 74.34 എംഎംക്യൂബ് വെള്ളമെത്തിയാലേ ഡാം തുറന്നുവിടാനാകൂ. കഴിഞ്ഞ വർഷം ഇതേ ദിവസം ഡാം നിറഞ്ഞിരുന്നു. പെരിങ്ങൽകുത്ത് ഡാമിലെ ഇന്നു രാവിലത്തെ ജലനിരപ്പ് 420.50 മീറ്ററാണ്. കഴിഞ്ഞ വർഷം ഇതേ ദിവസം 424 മീറ്ററായിരുന്നു ജലനിരപ്പ്. 70.94 ശതമാനത്തോളം മാത്രമാണ് ഡാം നിറഞ്ഞിരിക്കുന്നത്.
മഴ കനക്കുകയും നീരൊഴുക്ക് കൂടുകയും ചെയ്താൽ മാത്രമേ ഇത്തവണ ഡാം നിറയാൻ സാധ്യതയുള്ളൂ. ഷോളയാർ ഡാമിൽ 45 ശതമാനം മാത്രമാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. 2624.70 അടിയാണ് ഇന്നത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസം 2663 അടിയിൽ വെള്ളമെത്തിയതിനെ തുടർന്ന് ഡാം തുറന്നുവിട്ടിരുന്നു.