സ്വന്തം ലേഖകൻ
തൃശൂർ: ഇന്നുരാവിലെ ഏഴുമണിവരെ ഏറെക്കുറെ തെളിഞ്ഞ കാലാവസ്ഥയായിരുന്നു തൃശൂരിൽ. എന്നാൽ അതു കഴിഞ്ഞ് അൽപസമയത്തിനകം മഴ ചാറിത്തുടങ്ങി. പിന്നെ മഴ പതിയെപ്പതിയെ ശക്തപ്പെട്ടു. അപ്പോഴേക്കും നഗരത്തിനു ചുറ്റുമുള്ള ഇടങ്ങളിലെല്ലാം കഴിഞ്ഞ പ്രളയത്തെ ഓർമിപ്പിക്കുമാറ് വെള്ളം നിറഞ്ഞുകഴിഞ്ഞിരുന്നു.പുഴയ്ക്കൽ പാടത്ത് വെള്ളം നിറഞ്ഞുകൊണ്ടേയിരുന്നു. ഒരു ഭാഗത്താണ് വെള്ളക്കെട്ട് കൂടുതലായുള്ളത്. ഇരുചക്രവാഹനയാത്രക്കാരോട് സൂക്ഷിച്ചു പോകണമെന്ന് പരിസരവാസികൾ മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു.
വലിയ വാഹനങ്ങൾ തടസമില്ലാതെ കടന്നുവന്നു.പാടം നിറഞ്ഞ് വെള്ളം റോഡിലേക്ക് കയറിയിരുന്നു. ചൂണ്ടൽ ഭാഗത്തെത്തുന്പോഴേക്കും റോഡും പാടവുമെല്ലാം ഒരുപോലെയായിരുന്നു. മുന്നോട്ട് ബൈക്കിൽ അധികം പോകേണ്ടെന്ന് വഴിയിൽ നിന്നിരുന്നവരും രക്ഷാപ്രവർത്തകരും മുന്നറിയിപ്പ് തന്നു. വെള്ളത്തിന്റെ ഒഴുക്ക് പെട്ടന്ന് കൂടുമെന്നും ബൈക്കുകൾ തെന്നിപ്പോകാൻ ഇടയുണ്ടെന്നുമായിരുന്നു മുന്നറിയിപ്പ്. അതിനാൽ മുന്നോട്ടുപോകാനാതെ മടങ്ങി.
തിരിച്ച് വിയ്യൂരിലെത്തുന്പോൾ പാലത്തിന് അധികം താഴെയല്ലാതെ വെള്ളം കുത്തിയൊലിച്ച് പോകുന്നത് കണ്ടു. മഴ കനത്താൽ കഴിഞ്ഞ തവണത്തെ പോലെ വിയ്യൂർ പാലം കരകവിയുമെന്ന് തോന്നി. പലരും ഇതേ ആശങ്ക പ്രകടിപ്പിച്ചു. വിയ്യൂരിൽ നിന്ന് തൃശൂർക്ക് കടന്നവർ പലരും തിരിച്ച് ഇതുവഴി കടന്നുപോകാൻ പറ്റുമോ എന്ന ആശങ്കയിലായിരുന്നു.
പെരിങ്ങാവ് തോടും പരിസരവും വെള്ളം നിറഞ്ഞ സ്ഥിതിയിൽ തന്നെ. സമീപത്തെ റസിഡൻഷ്യൽ കോളനികളും വെള്ളത്തിലാണ്.ദയ ആശുപത്രിയിൽ വെള്ളക്കെട്ട് ഭീഷണി ആയിട്ടില്ലെങ്കിലും അവർ ജാഗ്രതയിലാണ്. കഴിഞ്ഞ പ്രളയകാലത്ത് ഇവിടെ നിന്നും രോഗികളെ മാറ്റേണ്ടി വന്നിരുന്നു.നഗരത്തിൽ കടകൾ വളരെ കുറച്ചു മാത്രമേ തുറന്നിട്ടുള്ളു. പന്പുകളിൽ കാര്യമായ തിരക്കില്ല. വാഹനങ്ങളും നന്നേ കുറവ്. സ്വകാര്യ ബസുകൾ പല റൂട്ടിലും സർവീസ് നിർത്തിയിരിക്കുന്നു.
എടിഎമ്മുകളിൽ പലയിടത്തും പൈസ കഴിഞ്ഞിരിക്കുന്നു. സൂപ്പർമാർക്കറ്റുകൾ തുറന്നിട്ടുണ്ടെങ്കിലും സാധനസാമഗ്രികൾ പലയിടത്തും കുറവാണ്. പാൽ വാങ്ങാൻ ആളുകളുടെ തിരക്കനുഭവപ്പെട്ടു.ഓണ്ലൈൻ വഴി ഭക്ഷണം എത്തിക്കുന്ന ഉൗബർ, സൊമാറ്റോ തുടങ്ങിയവരെ ആശ്രയിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.മഴയുടെ ശക്തി വർധിച്ചിരിക്കുന്നു. കറന്റില്ലാത്തതിനാൽ മൊബൈൽ ഫോണ് ചാർജ് ചെയ്യാൻ കഴിയാത്തത് മൂലം ആരെയും വിളിക്കാനോ അവസ്ഥകളെന്തെന്ന് അറിയാനോ സാധിക്കുന്നില്ല.
ജില്ല ഭരണകൂടവും മറ്റും നൽകുന്ന ജാഗ്രതാനിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് അറിയാൻ പോലും നിർവാഹമില്ലാത്ത സ്ഥിതിയാണ്. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നതടക്കമുള്ള സുരക്ഷാനിർദ്ദേശങ്ങൾ അധികാരികൾ തുടർച്ചയായി നൽകുന്നുണ്ട്.അയ്യന്തോൾ കുറിഞ്യാക്കൽ ഭാഗത്ത് മന്ത്രി സുനിൽകുമാർ നേരിട്ടെത്തി വെള്ളക്കെട്ടിലകപ്പെട്ടവരെയെല്ലാം രക്ഷപ്പെടുത്തിയ ശേഷമാണ് തിരിച്ചുപോയത്. കുട്ടികളേയും കന്നുകാലികളേയുമടക്കം ഇവിടെ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
അപകടകരമായ രീതിയിൽ വെള്ളക്കെട്ടിനെ തുടർന്ന് മനക്കൊടി – പുള്ള് മനക്കൊടി -കോടന്നൂർ റോഡ് പിഡബ്ല്യുഡി റോഡ് അടച്ചിരിക്കുകയാണ്.പ്രളയഭീതിയിൽ ജനം പലായനം തുടരുകയാണ്. ബന്ധുവീടുകളിലേക്കും ദുരിതാശ്വാസ ക്യാന്പുകളിലേക്കും മാറാൻ ജനം ഒട്ടും മടിക്കുന്നില്ല. ഇത് ഒരു പരിധിവരെ രക്ഷാപ്രവർത്തകർക്ക് ആശ്വാസം പകരുന്നുണ്ട്.
രക്ഷാപ്രവർത്തകർക്ക് ആവശ്യമെങ്കിൽ ടിപ്പർ ലോറികൾ വിട്ടുനൽകാൻ ടിപ്പർ ലോറി ഉടമകൾ സന്നദ്ധത പ്രകടിപ്പിച്ചതും വിയ്യൂർ ജയിലിൽ നിന്ന് ആവശ്യപ്പെട്ടാൽ രണ്ടു മണിക്കൂറിനുള്ളിൽ ചപ്പാത്തിയും വെജിറ്റബിൾ കറിയും ലഭ്യമാക്കാമെന്ന ഉറപ്പ് നൽകിയതും ദുരിതാശ്വാസ പ്രവർത്തകർക്ക് ആശ്വാസം പകരുന്നതായി….എല്ലാ സജ്ജീകരണങ്ങളോടും സന്നാഹങ്ങളോടും കരുതലോടും കൂടി ജില്ല ജാഗ്രതയിലാണ്…
കയ്പമംഗലത്ത് ജനപ്രതിനിധികൾ ക്യാന്പുകൾ സന്ദർശിച്ചു
കയ്പമംഗലം: മഴയും കാറ്റും വീണ്ടും കനത്തതോടെ ദുരിതാശ്വാസ ക്യാന്പുകളിൽ നൂറു കണക്കിന് കുടുംബങ്ങളെത്തി. പരാതിക്കിടവരുത്താതെ ഇവർക്ക് ആവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കാൻ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും ക്യാന്പുകളിൽ സജീവമാണ്.
തഹസിൽദാർ കെ. രേവ, ഡെപ്യൂട്ടി തഹസിൽദാർമാരായ ദേവസി, ഹേമ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഇ.ടി. ടൈസണ് മാസ്റ്റർ എം എൽ എ, പഞ്ചായത്ത് പ്രസിഡൻറുമാർ , ജില്ലാ പഞ്ചായത്ത് അംഗം ബി.ജി.വിഷ്ണു, ഉൾപ്പെടെയുള്ള ജനപ്രതിനിധികളും സജീവമായി രംഗത്തുണ്ടായിരുന്നു.