തൃശൂർ: ജില്ലയിൽ ഇന്നലെയും ഇന്നുരാവിലെയും ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. പലയിടത്തും വലിയ മരങ്ങൾ കടപുഴകിവീണു. നിരവധിയിടങ്ങളിൽ വൈദ്യുതി വിതരണവും, റോഡിൽ മരം വീണ് ഗതാഗത സ്തംഭനവും ഉണ്ടായി.
ചാവക്കാട്
ഇന്നലെയുണ്ടായ മിന്നൽ ചുഴലിക്കാറ്റിന്റെ നാശനഷ്ടത്തിൽനിന്ന് തീരമേഖല ഇനിയും മോചിതരായിട്ടില്ല. ശക്തമായ മാറ്റും മഴയും തുടരുകയാണ്.
ഇന്നലെയുണ്ടായ ചുഴലിക്കാറ്റിൽ ചാവക്കാട് മണത്തല മേഖലയിൽ 27 വൈദ്യുതി കാലുകളാണ് ഒടിഞ്ഞുവീണത്. ചാവക്കാട്, മണത്തല മേഖലകളിൽ ഒട്ടേറെ ഫലവൃക്ഷങ്ങൾ നിലംപതിച്ചതാണ് വൈദ്യുതി കന്പികൾ പൊട്ടി കാലുകൾ ഒടിയാൻ കാരണമായത്.
ഇന്നലെ പുലർച്ചെയും ഇന്നു രാവിലെയുമായി വീശിയ കാറ്റിൽ 20 വീടുകൾക്കു കേടുപറ്റി. പല വീടുകളുടെയും ഓട് പറന്നുപോയി. ചാവക്കാട്, കടപ്പുറം, പുന്നയൂർ മേഖലകളിൽ പ്രത്യേകിച്ച് തീരപ്രദേശത്താണ് കാറ്റ് നാശം വിതച്ചത്.
ഇതിനിടെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. വീട്ടിൽനിന്നും പുറത്തിറങ്ങാൻ കഴിയാത്ത വിധമാണ് വെള്ളം നൽകുന്നത്. കടപ്പുറം പുന്നയൂർ, തിരുവത്ര, എടക്കഴിയൂർ, തെക്കൻ പാലയൂർ തുടങ്ങിയ സ്ഥലത്ത് രൂക്ഷമാണ്.
കോടാലിയിൽ
മറ്റത്തൂർ പഞ്ചായത്തിലെ മുരിക്കുങ്ങൽ, താളൂപ്പാടം മേഖലയിൽ ഇന്നുരാവിലെയുണ്ടായ ശക്തമായ കാറ്റിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു. ഒട്ടേറെ മരങ്ങളും കാർഷിക വിളകളും കാറ്റിൽ നിലംപൊത്തി.
പള്ളിപ്പാടൻ ജോളിയുടെ വീടിനു മുകളിലും പടിഞ്ഞാറൻകാരൻ ജിജോയുടെ കോഴിഫാമിനു മുകളിലും മരം വീണു. പടിഞ്ഞാറൻകാരൻ ഷാജു, സഹോദരൻ തോമസ്, വള്ളിയാംതടം ജോളി എന്നിവരുടെ പറന്പുകളിലെ
ജാതിമരങ്ങളും റബർ തെങ്ങ്, കവുങ്ങ്, പ്ലാവ്, തേക്ക് എന്നിവയും കടപുഴകി വീണു. വൈദ്യുതികന്പികൾ പൊത്തിവീണതിനെ തുടർന്ന് മേഖലയിൽ വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്. വെട്ടിയാടൻ ചിറയിലെ പാട്ടഭൂമിയിൽ താളൂപ്പാടം സ്വദേശി രാജൻ കൃഷിചെയ്ത ഒരേക്കറോളം പാവൽകൃഷിയും കാറ്റിൽ നശിച്ചു.
ചാലക്കുടിയിൽ
മോതിരക്കണ്ണി, എലിഞ്ഞപ്ര, നായരങ്ങാടി പ്രദേശങ്ങളിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ വൻനാശം. മോതിരക്കണ്ണിയിൽ കാറ്റിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനിൽവീണു പത്തോളം വൈദ്യു തി കാലുകൾ ഒടിഞ്ഞുവീണു വൈദ്യുതി വിതരണം താറുമാറായി.
തട്ടാരശേരി ഷാജിയുടെ വീടിനു മുന്നിൽ പാർക്കു ചെയ്തിരുന്ന കാറിന്റെ മുകളിൽ മരം വീണു കാറിനു നാശനഷ്ടമുണ്ടായി. ആവീട്ടി അശോകന്റെ സ്കൂട്ടറിനു മുകളിൽ മരം വീണു സ്കൂട്ടർ തകർന്നു.
മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു മോതരക്കണ്ണി ജംഗ്ഷനിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. നാട്ടുകാർ മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം നടത്തിവരികയാണ്. വൈദ്യുതി ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്നുരാവിലെ എട്ടോടെയാണ് ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. നായരങ്ങാടി, എലിഞ്ഞിപ്ര ഭാഗങ്ങളിലും കാറ്റിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
കുറ്റിക്കാട്, പാറക്കുന്ന്, മണലായി എന്നീ പ്രദേശങ്ങളിലും കാറ്റ് വൻ നാശനഷ്ടം ഉണ്ടാക്കി. കുറ്റിക്കാട് കീഴേടൻ ജിയോയുടെ വീട് വലിയ പുളിമരം വീണു തകർന്നു. ഈ പ്രദേശങ്ങളിൽ ജാതി, വാഴ, തെങ്ങ്, പ്ലാവ്, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങൾ വ്യാപകമായി ഒടിഞ്ഞുവീണ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
പുതുക്കാട്
ഇന്നു രാവിലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മേഖലയിൽ വ്യാപകമായ നാശനഷ്ടം. പുതുക്കാട് പോലീസ് സ്റ്റേഷനു സമീപം സ്വകാര്യ വ്യക്തിയുടെ പറന്പിലെ തേക്ക് വീണ് ട്രാൻസ്ഫോമർ തകർന്നു.
ട്രാൻസ്ഫോർമർ വീണ സമയത്ത് വൈദ്യുതി പ്രവഹിച്ചിരുന്നെങ്കിലും സംഭവ സമയത്ത് ആരും സമീപത്തുണ്ടാകാതിരുന്നതിനാൽ അപകടം ഒഴിവായി. തേക്ക് പോലീസ് സ്റ്റേഷന്റെ മുകളിലേയ്ക്കു വീണ് പോലീസ് സ്റ്റേഷനിലെ പാർക്കിംഗ് ഏരിയ ഭാഗികമായി തകർന്നു.
വരാക്കര പുളിഞ്ചോട് വീടിനു മുകളിലേയ്ക്ക് മാവ് വീണ് വീട് പൂർണ്ണമായും തകർന്നു. ചേലൂക്കാരൻ സലേഷിന്റെ ഒടിട്ട വീടാണ് തകർന്നത്. സംഭവ സമയത്ത് വീടിന്റെ സിറ്റൗട്ടിൽ നിൽക്കുകയായിരുന്ന സലേഷും അമ്മയും രണ്ടു കുട്ടികളും മരം വീഴുന്നത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
ആന്പല്ലൂർ കല്ലൂർ റോഡിലേയ്ക്കു മരം വീണു ഗതാഗതം തടസപ്പെട്ടു. മരം വീണു വൈദ്യുതി കാലും ഒടിഞ്ഞു. പുതുക്കാട് നിന്നും എത്തിയ അഗ്നിശമന സേനാംഗങ്ങൾ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
കണ്ണംപത്തൂർ ഓട്ടുകന്പനിക്ക് സമീപവും, ചെങ്ങാലൂർ എല്ലുപൊടി കന്പനിക്ക് സമീപവും, ഞെള്ളൂർ അന്പലത്തിന് സമീപവും മരം വീണ് വൈദ്യുതി കാലുകൾ തകർന്നു. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ വീണ് വൈദ്യുത കന്പികൾ പൊട്ടിയിട്ടുണ്ട്. മഴ തുടരുന്നതിനാൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കാലതാമസം നേരിടുമെന്ന് അധികൃതർ അറിയിച്ചു.