തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായിതന്നെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച രാവിലെ വരെ വ്യാപകമായി മഴ പെയ്യും.
തെക്കുപടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്ച അതിശക്തമായിരുന്നു. വ്യാപകമായി മഴ പെയ്തു. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അത്യന്തം കനത്തമഴയ്ക്കു സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളതീരത്ത് പടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ ജാഗ്രത പാലിക്കണം. കേരളതീരത്തും അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ, മധ്യ, വടക്കൻ ഭാഗങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കാൻ സാധ്യതയുള്ളതിനാൽ മീൻപിടുത്തക്കാർ ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനായി പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.