തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന മഴയിൽ തിരുവനന്തപുരം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് മഴക്കെടുതി കൂടുതൽ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളെയാണ് മഴ കൂടുതൽ ബാധിച്ചത്. ഈ ജില്ലകളിൽ ജാഗ്രതാ നിർദേശവുമുണ്ട്.
ഇന്ന് കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർവരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു.
നാലു ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്. ഷട്ടർ തുറന്നതു മൂലം കരമനയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആനാട് പഞ്ചായത്തിൽ വീടുകളിലും കടകളിലും വെള്ളം കയറി.
തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ തുടരുകയാണ്. ചിറ്റാറും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. നെടുമങ്ങാട്, കുറ്റിച്ചൽ, കോട്ടൂർ തുടങ്ങിയ സ്ഥലങ്ങളിൽ പലയിടത്തും വെള്ളം കയറി. തലസ്ഥാന നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകളാണ്.
അജന്ത തീയറ്റർ റോഡ് വെള്ളത്തിനടിയിലായി. കാരാപ്പുഴ ഡാമിലെ ഷട്ടറുകൾ നാളെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ഷട്ടറുകൾ അഞ്ച് സെൻറീമീറ്റർ വീതം നാളെ രാവിലെ 11 മണി മുതൽ തുറന്ന് വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.