തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിലായി. പല സ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണതും ഒടിഞ്ഞ് വീണതും വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറാക്കി.
നഗരത്തിലെ കരിമടം കോളനി, കരിമടം പുത്തൻ റോഡ്, അട്ടക്കുളങ്ങര ബൈപ്പാസ് റോഡ്്്, ചാല കൊത്തുവാൾ സ്ട്രീറ്റ് , ബണ്ടു റോഡ്, തേക്കുംമൂട്, തിരുവല്ലം, കണ്ണമ്മൂല എന്നീ പ്രദേശങ്ങളിലെ റോഡുകളാണ് വെള്ളത്തിലായത്. ചാല കൊത്തുവാൾ സ്ട്രീറ്റിൽ കടകളിൽ വെള്ളം കയറിയതിനെ തുടർന്ന് പല കടകളും തുറക്കാൻ സാധിച്ചിട്ടില്ല.
നേരത്തെ ഓപ്പറേഷൻ അനന്തയുടെ ഭാഗമായി നടപടികൾ സ്വീകരിച്ച സമയത്ത് വെള്ളപ്പൊക്കം ഒരു പരിധി വരെ ഒഴിവാക്കാൻ സാധിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ മഴ കൂടി കനത്ത് റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയത് വ്യാപാര സമൂഹത്തിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ഈ പ്രശ്്നം പരിഹരിക്കാൻ സർക്കാരും കോർപറേഷനും അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ചാല കൊത്തുവാൾ യൂണിറ്റ് വൈസ് പ്രസിഡന്റ് ചാല മുഹമ്മദ് സിദ്ധിഖ് ആവശ്യപ്പെട്ടു.
മരപ്പാലം മാങ്കുളം ക്ഷേത്രം റോഡ്, എസ്എപി ക്യാന്പിനകത്ത് നിന്ന് മരം കടപുഴകി സമീപത്തെ പേരൂർക്കട മാനസികാരോഗാശുപത്രി കെട്ടിടത്തിൽ പതിച്ചു. കേശവദാസപുരം-പരുത്തിപ്പാറ റോഡിൽ മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടി വീണു, ഫയർഫോഴ്സെത്തിയാണ് മരങ്ങൾ മുറിച്ച് മാറ്റി പൂർവ്വ സ്ഥിതിയിലാക്കിയത്.
ചെങ്കൽചൂള ഫയർഫോഴ്സിലെ സ്റ്റേഷൻ ഓഫീസർ പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കാട്ടാക്കട : കനത്തമഴയിൽ നെയ്യാർഡാമിലെ ജലനിരപ്പ് ഉയരുന്നു. കരമനയാർ നിറഞ്ഞുകവിഞ്ഞു. കോട്ടൂർ മേഖലയിൽ പല പ്രദേശങ്ങളും വെള്ളത്തിലായി. നെയ്യാർഡാമിലെ ഫിഷറീസ് വകുപ്പ് ഹാച്ചറി പൂർണ്ണമായും വെള്ളത്തിൽ താഴ്ന്നു.
പത്തോളം വീടുകൾ ഒഴുകിപ്പോയതായി പ്രാഥമിക റിപ്പോർട്ട്്. ഇന്ന് വെളുപ്പിന് മുതൽ ആരംഭിച്ച മഴയാണ് മലയോരഗ്രാമങ്ങളിൽ കെടുതി സൃഷ്ടിച്ചത്. കനത്ത മഴയിൽ കോട്ടൂർ കുമ്പിൽമൂട് തോട് കരകവിഞ്ഞു. വനത്തിൽ നല്ല മഴപെയ്തതിനെ തുടർന്നാണ് ഇത്. മൂന്നാറ്റിൻമുക്ക് തോട്ടിൽ വനത്തിൽ നിന്നും വന്ന വെള്ളം ഇരച്ചു വരികയായിരുന്നു.
ഇതോടെ ആദിവാസി കോളനികളിലേയ്ക്കുള്ള പാതയും വെള്ളത്തിനടിയിലായി. കുമ്പിൾമൂട് തോട് കരകവിഞ്ഞതോടെ ഇരുകരകളിലും താമസിക്കുന്നവരുടെ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായി. ഇവിടെ 5 വീടുകൾ നശിച്ചു. കുറ്റിച്ചൽ ജംഗ്ഷൻ വെള്ളത്തിനിടയിലായി. കടകളിൽ വെള്ളം കയറി. കരമനയാർ നിറകവിഞ്ഞു.
പേപ്പാറ അണക്കെട്ട് നിറഞ്ഞതോടെ കരമനയാറിൽ വെള്ളം ഇരട്ടിയായി. നദീതിരത്തെ ക്യഷിയിടങ്ങൾവെള്ളത്തിനടയിലായി. . ആര്യനാട്, കൊക്കോട്ടേല, ഈഞ്ചപ്പുരി, കോട്ടയ്ക്കകം എന്നിവിടങ്ങൾ വെള്ളത്തിനടയിലായി നെയ്യാർഡാമിൽ ജലനിരപ്പ് ഉയരുകയാണ്.
വനത്തിൽ നല്ല മഴപെയ്തിനെതുടർന്ന് ഇന്നലെ ഉച്ചമുതൽ ജലനിരപ്പ് ഉയർന്നിരുന്നു. എന്നാൽ ഇന്ന് വെളുപ്പിന് കനത്ത മഴ പെയ്തതോടെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഇപ്പോൾ ഡാമിൽ 79.80 മീറ്റർ വെള്ളമുണ്ട്.84,750 മീറ്റർ ആണ് പരമാവധി ജലനിരപ്പ്. 80 മീറ്റർ ആകുമ്പോൾ ഡാം തുറക്കും.
ഇന്ന് രാവിലെ 8 ന് നെയ്യാർഡാമിൽ 175 മി.മീറ്റർ മഴ പെയ്തതായി രേഖപ്പെടുത്തി. നെയ്യാർഡാമിലെ ഫിഷറീസ് വകുപ്പ് ഹാച്ചറി പൂർണ്ണമായും വെള്ളത്തിൽ താഴ്ന്നു.നെയ്യാർഡാമിൽ കോടികൾ മുടക്കി സ്ഥാപിച്ച ഫിഷറീസ് വകുപ്പിന്റെ മൽസ്യകുഞ്ഞുങ്ങൾക്കായുള്ള ഹാച്ചറി പൂർണ്ണമായും വെള്ളത്തിൽ താഴ്ന്നു.
ലക്ഷങ്ങളുടെ നഷ്ടം അഗസ്ത്യവനത്തിലെ ആദിവാസികൾ ഒറ്റപ്പെട്ട നിലയിലായി. കോട്ടൂർ, അമ്പൂരി വനത്തിലെ മിക്ക കോളനികളും മഴയത്ത് ഒറ്റപ്പെട്ടു. പെരുമഴയത്ത് പുറം നാട്ടിൽ എത്താനാവുന്നില്ല. നെയ്യാർ കടത്ത് നിലച്ചതോടെ അതു വഴിയും പുറം നാട്ടിൽ എത്താനാകുന്നില്ല.
കിള്ളിയാറിൽ ജലനിരപ്പ് ഉയരുന്നു; നെടുമങ്ങാട് വ്യാപക നാശനഷ്ടം
നെടുമങ്ങാട്: ഇന്നലെ രാത്രി തുടങ്ങിയ കനത്ത മഴയിൽ നെടുമങ്ങാട്ടും പരിസരങ്ങളിലും വ്യാപക നാശനഷ്ടം. കിള്ളിയാറിൽ ജല നിരപ്പ് ക്രമാതീതമായി ഉയരുകയാണ്.
നിരവധി വീടുകളിൽ വെളളം കയറി. ഇടറോഡുകൾ വെള്ളത്തിനടിയിലായതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ചെല്ലംകോട്, വാണ്ട, ആനാട്, പത്താംകല്ല് എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. കൃഷിക്കും വ്യപാക നാശം സംഭവിച്ചിട്ടുണ്ട്. മുഖവൂർ ക്ഷേത്രത്തിൽ വെള്ളം കയറി.
മേലാംകോട് റോഡ് പൂർണ്ണമായി വെള്ളത്തിനടിയിലായി. നെടുമങ്ങാട് നഗരസഭയിലെ 14 വാർഡ് കൗൺസിലർ സുമയ്യാ മനോജ് പുലർച്ചേ 5 മണിക്ക് തന്നെ വാർഡിലെ വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ചു നാശനഷ്ടങ്ങൾ വിലയിരുത്തി . ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളാകെ വെള്ളം കയറി .
ചിറ്റാർപാലത്തിൽ മുട്ടിയാണ് വെളളമൊഴുകുന്നത്. പരിസരത്താകെ വെള്ളം കയറി ചില വീടുകൾക്കും നഷ്ടം സംഭവിച്ചതായി അറിയുന്നു .വിതുര കല്ലാർ ,ആനപ്പാറ പ്രദേശങ്ങളിലും മഴ സാരമായി ബാധിച്ചു. ശിവക്ഷേത്രപരിസരത്തെ കടകളിലും വീടുകളിലും വെള്ളം കയറിയിട്ടുണ്ട് .ഇപ്പോഴും മഴ തുടരുകയാണ് .